കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട സംഭവത്തിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്നാണ് കേസ്.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ വാര്‍ത്താസമ്മേളനത്തിൽ വൈകാരികമായാണ് ശൈലജ പ്രതികരിച്ചത്. ഇതിന് പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുകയും ചെയ്തിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളുമാണ് ഇത്തരം അധിക്ഷേപങ്ങൾക്ക് പിന്നിലെന്നാണ് ശൈലജയും ഇടതുമുന്നണിയും ആരോപിക്കുന്നത്. സംഭവത്തിൽ യുഡിഎഫ് ഇന്ന് വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *