ന്യൂനപക്ഷങ്ങൾ കൂടുതലുള്ളിടത്ത് രാഹുൽ അഭയംതേടുന്നു; ബിജെപി ഭരിക്കുന്നിടത്ത് മത്സരിക്കാൻ മടിയെന്ന് ഗുലാംനബി

രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് നേതാവും ഡി.പി.എ.പി (ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാർട്ടി) ചെയർമാനുമായ ഗുലാം നബി ആസാദ്. ന്യൂനപക്ഷ സമുദായങ്ങൾ കൂടുതലായുള്ള ഇടങ്ങളിൽ രാഹുൽ അഭയം പ്രാപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മുകശ്മീരിലെ ഉധംപുർ ലോക്സഭാ മണ്ഡലത്തിലെ ഡി.പി.എ.പി സ്ഥാനാർത്ഥി ജി.എം സരൂരിക്ക് വേണ്ടി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു ഗുലാം നബി ആസാദിന്റെ പരാമർശം.

ബി.ജെ.പിക്കെതിരെ ശക്തമായ പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്നെന്നാണ് വാദം. എന്നാൽ, ഇതിന് വിപരീതമായാണ് രാഹുൽ പ്രവർത്തിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സരിക്കാൻ എന്തുകൊണ്ടാണ് രാഹുൽ വിമുഖത കാണിക്കുന്നതെന്നും ഗുലാം നബി ആസാദ് ചോദിച്ചു.

ന്യൂനപക്ഷ സമുദായങ്ങൾ കൂടുതലായുള്ള ഇടങ്ങളിൽ രാഹുൽ അഭയം പ്രാപിക്കുകയാണെന്നും വയനാട്ടിലെ സ്ഥാനാർഥിത്വം പരോക്ഷമായി സൂചിപ്പിച്ച് ആസാദ് പറഞ്ഞു. ബി.ജെ.പിക്കെതിരെ പോരാടണം എന്ന കോൺഗ്രസ് പാർട്ടിയുടെ പ്രതിബദ്ധത മറന്നുകൊണ്ട് കേരളം പോലുള്ള വിജയസാധ്യത കൂടുതലുള്ള മണ്ഡലങ്ങളിൽ മാത്രമാണ് രാഹുൽ മത്സരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാഷണൽ കോംൺഫെറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയും രാഹുൽ ഗാന്ധിയും രാഷ്ടിയക്കാരല്ലെന്നും ഇരുവരും രാജ്യത്തിനായി സംഭാവനകളൊന്നും നൽകിയിട്ടില്ലെന്നും ആസാദ് പറഞ്ഞു. ഒമർ അബ്ദുള്ളയും രാഹുൽ ഗാന്ധിയും ജീവിതത്തിൽ ഒന്നും ത്യജിച്ചിട്ടില്ല. ഇരുവരും ഷെയ്ഖ് അബ്ദുള്ളയുടെയും ഇന്ദിര ഗാന്ധിയുടെയും പാരമ്പര്യംകൊണ്ടു മാത്രം ജീവിക്കുന്നവരാണെന്നും ആസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *