‘കാസർകോട് മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് കിട്ടിയില്ല, സാങ്കേതിക തകരാറായിരുന്നു’; വാർത്തകൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ച സംഭവം സാങ്കേതിക തകരാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പ്രശ്നം ഉടൻ പരിഹരിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ അറിയിച്ചു. കാസർകോട് മോക് പോളിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തെറ്റാണ്. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ റിട്ടേണിംഗ് ഓഫീസർ റിപ്പോർട്ട് നൽകിയതായും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഇതിന്റെ വിശദമായ റിപ്പോർട്ട് ഉടൻ നൽകാമെന്നും കമ്മീഷൻ വ്യക്തമാക്കി.

എന്നാൽ മോക് പോളിന്റെ ആദ്യ മൂന്ന് റൗണ്ടിലും ബിജെപിക്ക് പോൾ ചെയ്യാതെ വോട്ട് ലഭിച്ചെന്ന് യുഡിഎഫ് ഏജന്റ് നാസർ ആരോപിച്ചു. എല്ലാ സ്ഥാനാർത്ഥികൾക്കും ഒരു വോട്ട് വീതം ചെയ്തപ്പോൾ വിവിപാറ്റിൽ ബിജെപി സ്ഥാനാർത്ഥിക്ക് അധികമായി ഒരു വോട്ട് കൂടി ലഭിച്ചുവെന്നാണ് നാസറിന്റെ പരാതിയിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്ക് ഇയാൾ പരാതി നൽകിയിരുന്നു. അവസാന റൗണ്ടിൽ പ്രശ്നം പരിഹരിച്ചു. വോട്ടിംഗ് മെഷീനിൽ പ്രശ്‌നങ്ങളില്ലെന്നും പോളിംഗ് ദിവസം ഇത്തരത്തിലുള്ള അപാകതകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ പ്രതികരിച്ചു. കാസർകോട് ബിജെപിക്ക് മോക് പോളിൽ പോൾ ചെയ്യാത്ത വോട്ട് ലഭിച്ചെന്ന വിവരം ഇന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയിൽ ധരിപ്പിച്ചത്. ഇതിനുള്ള മറുപടിയിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിയതിൽ ഇതുവരെ പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്നും നാല് കോടി വിവിപാറ്റുകളിൽ ഇതുവരെ വ്യത്യാസം കണ്ടെത്താനായില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *