വിവേചനമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യം ;ക്വീര്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കും: വിദഗ്ധ സമിതിയെ നിയോഗിച്ച് കേന്ദ്രം

ക്വീര്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളെ ആഴത്തില്‍ പഠിക്കാനും പരിഹാരം നിർദേശിക്കാനും വിദഗ്ധ സമിതി രൂപീകരിച്ച് കേന്ദ്രം. ക്വീര്‍ സമൂഹത്തിന് വിവേചനമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അവർ ഭീഷണികളൊന്നും നേരിടുന്നില്ലെന്ന് ഉറപ്പുവരുത്താനും വേണ്ടിയാണ് ക്യാബിനറ്റ് സെക്രട്ടറിക്ക് കീഴിൽ രൂപീകരിച്ച സമിതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. ക്വീര്‍ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനായി വിദഗ്ധ പാനല്‍ രൂപീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ച പശ്ചാത്തലത്തലാണിത്.

സേവനങ്ങള്‍ ലഭ്യമാക്കുന്നതിലടക്കം ക്വീര്‍ സമൂഹം യാതൊരുതരത്തിലും വിവേചനമോ വേര്‍തിരിവോ നേരിടേണ്ടി വരാതിരിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കുമായി പാനല്‍ നിര്‍ദേശിക്കും. ഭീഷണികളോ പീഡനങ്ങളോ ഇവര്‍ നേരിടാതിരിക്കുന്നിനാവശ്യമായ മാര്‍ഗങ്ങളും വിദഗ്ധ പാനല്‍ പരിശോധിക്കും. ക്വീര്‍ സമൂഹത്തിലെ അംഗങ്ങൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെയുള്ള വൈദ്യപരിശോധനകൾക്കും ശസ്ത്രക്രിയകൾക്കും വിധേയമാകുന്നത് തടയുന്നത് ഉറപ്പ് വരുത്താനും പാനലിന് ചുമതലയുണ്ട്.

സാമൂഹിക ക്ഷേമ പദ്ധതികൾ വിവേചനങ്ങളില്ലാതെ ക്വീർ സമൂഹത്തിന് ലഭ്യമാകുമെന്ന് സമിതി ഉറപ്പു വരുത്തും. യൂണിയന്‍ ഹോം സെക്രട്ടറി, ഹെല്‍ത്ത് സെക്രട്ടറി, വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെക്രട്ടറി, സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ് സെക്രട്ടറി എന്നിവരുമാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാൻ മറ്റ് വിദഗ്ധരുടെയോ ഉദ്യോസ്ഥരുടെയോ സഹായവും പാനലിന് തേടാം.

Leave a Reply

Your email address will not be published. Required fields are marked *