‘ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോ?’; ലാലുപ്രസാദ് യാദവിനെതിരെ വിവാദ പ്രസ്താവനയുമായി നിതീഷ് കുമാർ

ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കിയെന്നാണ് നിതീഷിന്റെ പ്രസ്താവന. ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോയെന്നും നിതീഷ് ചോദിച്ചു.

തിരഞ്ഞെടുപ്പു റാലിയിലായിരുന്നു നിതീഷിന്റെ വിവാദ പരാമർശം. ആർജെഡിയിലെ കുടുംബാധിപത്യത്തെ വിമർശിക്കുന്നതിനിടെയാണ് നിതീഷ് ഒമ്പത് മക്കളുള്ള ലാലുവിനെ വ്യക്തിപരമായി കടന്നാക്രമിച്ചത്. മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോൾ ഭാര്യയെ ലാലു മുഖ്യമന്ത്രിയാക്കി. ഇപ്പോൾ രണ്ടാൺമക്കൾക്കു പുറമെ പെൺമക്കളെയും ലാലു രാഷ്ട്രീയത്തിലിറക്കിയെന്നു നിതീഷ് കുറ്റപ്പെടുത്തി. ലാലു യാദവിന്റെ പെൺമക്കളായ മിസ ഭാരതിയും രോഹിണി ആചാര്യയും ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് നിതീഷിന്റെ പരാമർശം.

രാജ്യസഭാംഗമായ മിസ ഭാരതി പാടലിപുത്ര മണ്ഡലത്തിലും പുതുമുഖമായ രോഹിണി ആചാര്യ സാരൻ മണ്ഡലത്തിലുമാണ് മൽസരിക്കുന്നത്. ലാലുവിന്റെ രണ്ടാൺമക്കളും നിയമസഭാ അംഗങ്ങളാണ്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവും മുൻമന്ത്രി തേജ് പ്രതാപ് യാദവും. ലാലുവിന്റെ പത്നി റാബ്റി ദേവി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *