ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്കാണ് കേരളം കടക്കുന്നത്. കൊടുമ്പിരി കൊണ്ട പ്രചാരണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ. ഇനി കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികളെല്ലാം.
ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസനാവട്ട മണ്ഡലപര്യടനങ്ങൾ നടക്കും. ദേശീയനേതാക്കളും പലയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും.
കേരളത്തിനൊപ്പം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തുന്നത് 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ്. കർണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.
കലാപബാധിത മേഖലയായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. ഒപ്പം യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു & കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള മണ്ഡലങ്ങളിലേക്കുള്ള പോളിങ് 26ന് നടക്കും.
നാളെ ഛത്തീസ്ഗഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തും. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായ രാഹുൽ ഗാന്ധി എന്ന് പ്രചാരണം വീണ്ടും തുടങ്ങുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടില്ല.
അതേസമയം വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് നാളെ വൈകിട്ട് കൊടിയിറങ്ങാനിരിക്കെ, സമുദായ വോട്ടുകൾ പെട്ടിയിലാക്കാനുള്ള തത്രപ്പാടിലാണ് മൂന്നു മുന്നണികളും. അതിനിടെ പിന്തുണ ആർക്കെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് മതസംഘടനകൾ രംഗത്തെത്തി.
യാക്കോബായ സഭ എൽ.ഡി.എഫിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചപ്പോൾ, അവരുമായി പള്ളിത്തർക്കമുള്ള ഓർത്തഡോക്സ് സഭയുടെ നിലപാട് സമദൂരം തുടരുമെന്നാണ്.ഫലത്തിൽ അത് യു.ഡി.എഫിനുള്ള പിന്തുണയെന്ന് വ്യാഖ്യാനമുണ്ടായി. സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും തങ്ങളുടെ അസ്തിത്വം
നിലിറുത്താൻ സഹായിക്കുമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നുമാണ് യാക്കോബായ മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് വെളിപ്പെടുത്തിയത്.എന്നാൽ,മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരേ നടന്ന ആക്രമണങ്ങൾ ഓർമ്മപ്പെടുത്തുന്ന ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ ലക്ഷ്യമിടുന്നത് ബി.ജെ.പിയെയാണ്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് തങ്ങളുടെ അക്കൗണ്ടുകളും വിദേശ സംഭാവനകളും മരവിപ്പിച്ചത് കേന്ദ്ര സർക്കാരാണെന്ന് ആരോപിക്കുന്ന ലത്തീൻ അതിരൂപത ബിഷപ് തോമസ് ജെ.നെറ്റോ,കേരള
പൊലീസിന്റെ റിപ്പോർട്ടാവാം കാരണമെന്നും കുറ്റപ്പെടുത്തുന്നു.പിന്തുണ യു.ഡി.എഫിനെന്ന് വ്യക്തം. പത്തനംതിട്ടയിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭ അനിൽ ആന്റണിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.