തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍, മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ വീട്ടിലെ കിണറ്റില്‍ കാട്ടാന അബദ്ധത്തില്‍ വീണത്.  

വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു.  എന്നാല്‍ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. ഇതോടെ മണിക്കൂറുകളോളം നീണ്ട  രക്ഷാദൗത്യത്തിനാണ് അര്‍ത്ഥമില്ലാതെ പോയിരിക്കുന്നത്.

കഴിയുന്നത് പോലെയെല്ലാം ആനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇനി ആനയുടെ ജഡം പുറത്തെടുക്കാനാണ് നീക്കം. ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് ആനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നത്. ഇങ്ങനെ തന്നെ ആനയുടെ ജഡം പുറത്തെടുക്കാനാണ് ഇനി ശ്രമിക്കുക. 

വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. അല്‍പം ആഴമുള്ള കിണറാണ്. അബദ്ധത്തില്‍ കാട്ടാന വീണതാണ് സംഭവം. കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂര്‍വമല്ല.

Leave a Reply

Your email address will not be published. Required fields are marked *