റഹീമിന്റെ ജീവിത കഥ സിനിമയാക്കുന്നതിൽ നിന്ന് പിൻമാറുന്നു; നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് പഠിക്കും; ബോബി ചെമ്മണ്ണൂർ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ കേസിനെ കുറിച്ച് പഠിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാൽ ദയാധനം മുഴുവനായി നൽകാനോ ധനസമാഹരണം നടത്താനോ തയ്യാറാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിന്റെ ജീവിത കഥ സിനിമയാക്കുന്നതിൽ നിന്ന് പിൻമാറുകയാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. സിനിമയിൽ നിന്നുള്ള വരുമാനം ചാരിറ്റിക്ക് ഉപയോഗിക്കാനാണ് താൻ ലക്ഷ്യമിട്ടത്. എന്നാൽ ചിലർ അത് വിവാദമാക്കിയെന്നും ബോ.ചെ പറഞ്ഞു.

റഹീമിൻറെ മോചനം സിനിമയാക്കാൻ ഇല്ലെന്ന് സംവിധായകൻ ബ്ലെസി നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂർ സംസാരിച്ചിരുന്നുവെന്നും എന്നാൽ ആടു ജീവിതത്തിൻറെ തുടർച്ചയായി അതേ ശൈലിയിൽ ഒരു ചിത്രമെടുക്കാൻ ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ബോബി ചെമ്മണ്ണൂരിനെ അറിയിച്ചുവെന്നും ബ്ലസി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്ന് ബോബി ചെമ്മണ്ണൂർ തന്നെ അറിയിച്ചത്.

അബ്ദുൽ റഹീമിൻറെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുന്നതിന് മുന്നിലിറങ്ങിയ ആളാണ് വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ. മോചനത്തിനാവശ്യമായ തുക പിരിഞ്ഞുകിട്ടിയതിന് പിന്നാലെയാണ് റഹീമിൻറെ കഥ സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *