നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി; 12 വർഷത്തിന് ശേഷമാണ് കൂടിക്കാഴ്ച

യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം നൽകി. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. 2012ലാണു മകളെ പ്രേമകുമാരിയെ അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യൻ സമയം) റോഡ്മാർഗം ഏദനിൽനിന്നു സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴിയാണ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.

2017 ജൂലൈ 25ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *