ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി ഫയലുകള്‍ അയക്കാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഫയലുകള്‍ അയക്കാനാകുന്ന പുതിയ ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്. ഇപ്പോൾ ഇന്റർനെറ്റ് വഴി അയക്കുന്ന ഓഡിയോ ഫയലുകൾ, ചിത്രങ്ങൾ, വീഡിയോ ഫയലുകൾ, ഡോക്യുമെന്റുകള്‍ തുടങ്ങിയവയെല്ലാം ഈ രീതിയിൽ പുതിയ ഫീച്ചർ വഴി അയക്കാനാകും. ബ്ലൂടൂത്ത് ഉപയോ​ഗിച്ചാണ് ഇത് സാധ്യമാവുക. അടുത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്തി ഫയലുകള്‍ പങ്കുവെക്കുന്ന സംവിധാനമാണിത്. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പുതിയ ഫീച്ചറിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനായി അടുത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്താനും, ഫയല്‍സിലേക്കും ഫോട്ടോ ഗാലറിയിലേക്കും പ്രവേശിക്കാനും, ലൊക്കേഷന്‍ എടുക്കാനുമുള്ള അനുമതികള്‍ വാട്‌സാപ്പ് ആവശ്യപ്പെടും. അനുവാദം ഉപയോക്താവ് നൽകുന്നതോടെ ഫീച്ചർ ഉപയോ​ഗിക്കാനാകും. ഉപയോക്താവിന്റെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഫോണ്‍ നമ്പറുകള്‍ മാസ്‌ക് ചെയ്തും ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തുമാണ് വാട്‌സാപ്പിലെ ഓഫ്‌ലൈന്‍ ഫയല്‍ ഷെയറിങ് നടക്കുക. സാധാരണ ബ്ലൂടൂത്ത് വഴി ഫയലുകൾ കൈമാറുന്നതുപോലെ തന്നെ സമീപത്തുള്ള ഉപഭോക്താക്കള്‍ തമ്മില്‍ മത്രമേ ഈ രീതിയില്‍ ഫയല്‍ കൈമാറാൻ സാധിക്കു. എന്നാൽ ഈ ഫീച്ചർ എപ്പോള്‍ മുതൽ ലഭ്യമാവുമെന്ന് വാട്‌സപ്പ് ഇതുവരെ അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *