‘ ദൃശ്യങ്ങൾ കൈമാറിയത് ബിജെപി നേതാവിന്’: പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ

ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട ജെഡിഎസ് എംപിയും സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ. പ്രജ്വലിന്റെ വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ബിജെപി നേതാവായ ദേവരാജ് ഗൗഡയ്ക്കാണ് കൈമാറിയതെന്നും അദ്ദേഹമാണ് ഇത് പുറത്തുവിട്ടതെന്നുമാണ് രേവണ്ണയുടെ മുൻ ഡ്രൈവർ കാർത്തിക് വെളിപ്പെടുത്തിയത്. തന്റെ കയ്യിൽനിന്ന് ബലമായി സ്വത്ത് തട്ടിയെടുത്ത രേവണ്ണ ഭാര്യയെ മർദ്ദിക്കുകയും ചെയ്‌തെന്നും ആരോപിച്ചു.

ബിജെപി നേതാവിന്റെ നിർദേശപ്രകാരം രേവണ്ണയ്‌ക്കെതിരെ താൻ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും തന്റെ കൈവശമുള്ള പെൻഡ്രൈവിലെ വിവരങ്ങൾ വച്ച് ദേവരാജ് ബിജെപി നേതൃത്വത്തിന് കത്തയിച്ചിട്ടുണ്ടെന്നും കാർത്തിക് പറഞ്ഞു. കോൺഗ്രസ് നേതാവ് പവൻ ഖേര എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കത്തിലും ഇതേ കാര്യം പരാമർശിച്ചിട്ടുണ്ട്.

‘പതിനഞ്ചു വർഷത്തോളം ഞാൻ പ്രജ്വലിനും കുടുംബത്തിനുമൊപ്പം ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ഞാൻ ജോലി വിട്ടത്. എന്റെ ഭാര്യയെ മർദിക്കുകയും എന്റെ പേരിലുള്ള സ്വത്തുവകകൾ പ്രജ്വൽ ഭീഷണിപ്പെടുത്തി സ്വന്തം പേരിലേക്ക് ആക്കുകയും ചെയ്തതിനു പിന്നാലെയാണ് ഞാൻ അവിടെനിന്ന് പോന്നത്. തുടർന്ന് ഞാൻ ബിജെപി നേതാവ് ദേവ്രാജ് ഗൗഡയുടെ സഹായത്തോടെ പ്രജ്വലിനെതിരെ നിയമയുദ്ധം ആരംഭിച്ചു. എനിക്ക് നീതി വാങ്ങി നൽകുമെന്ന് ഉറപ്പു പറഞ്ഞ് അദ്ദേഹം എനിക്ക് മറ്റൊരു അഭിഭാഷകനെയും ഏർപ്പാടാക്കി നൽകി. തുടർന്ന് അദ്ദേഹം എന്നോട് ഞാൻ നേരിട്ട ദുരനുഭവങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്താൻ നിർദേശിച്ചു. ദേവരാജും മാധ്യമങ്ങളോട് സംസാരിച്ചു. തുടർന്ന് പ്രജ്വൽ തനിക്കെതിരായ അശ്ലീല വിഡിയോകളൊന്നും പുറത്തുവിടരുതെന്ന് കാട്ടി കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. കോടതിവിധിയുടെ പകർപ്പ് ഞാൻ ദേവരാജിനെയും കാണിച്ചു. അദ്ദേഹം തനിക്കിതിനേ കുറിച്ച് യാതൊന്നും അറിയില്ലെന്നും ചിത്രങ്ങളും വിഡിയോയും തനിക്ക് കൈമാറിയാൽ അത് ജഡ്ജിക്ക് സമർപ്പിച്ച് സ്റ്റേ നീക്കം ചെയ്യാമെന്നും അറിയിച്ചു.

ഞാൻ ദേവരാജിനെ വിശ്വസിച്ച് വിഡിയോയുടെ പകർപ്പ് അദ്ദേഹത്തിന് കൈമാറി. അദ്ദേഹം അത് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് എനിക്കറിയില്ല. ഞാൻ വക്കാലത്ത് ഒപ്പിട്ടു കൊടുക്കുക മാത്രമാണ് ചെയ്തത്. തുടർന്നാണ് ദേവരാജ് പത്രസമ്മേളനം വിളിച്ച് വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഞാൻ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അത് എന്നെ ബാധിക്കുന്ന കാര്യമല്ലെന്നും മിണ്ടാതിരിക്കാനുമാണ് പറഞ്ഞത്. ബിജെപി കേന്ദ്ര നേതൃത്വത്തിനും അദ്ദേഹം കത്തെഴുതി.

അദ്ദേഹം വീണ്ടും വാർത്താസമ്മേളനം വിളിച്ച് ഞാൻ ഈ പെൻഡ്രൈവ് കോൺഗ്രസ് നേതാക്കൾക്കും നൽകിയിട്ടുണ്ടെന്ന് കളവ് പറഞ്ഞു. ഞാൻ ഇത് ദേവരാജിന് മാത്രമാണ് നൽകിയത്. അയാൾ എന്നെ ചതിക്കുകയും ചെയ്തു. അയാൾ അത് ആർക്കൊക്കെ നൽകിയിട്ടുണ്ടെന്ന് എനിക്കറിയില്ല. എന്നാൽ അയാൾക്ക് ഇതിൽനിന്നെല്ലാം കൈകഴുകാനായി ഞാനാണ് നൽകിയതെന്ന് പറഞ്ഞിരിക്കുന്നു.’കാർത്തിക് പറഞ്ഞു. സംഭവത്തിൽ പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്‌പെൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *