ദു​ബൈ മെട്രോയിൽ തിരക്ക് കുറക്കാൻ നിർദേശവുമായി അധികൃതർ

ദു​ബൈയിൽ മെട്രോ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പുതിയ പ്രോട്ടോകോൾ പുറത്തിറക്കി. മെട്രോയിൽ തിരക്കേറിയ സമയങ്ങളിലാണ് ‘ക്രൗഡ് മാനേജ്‌മെൻറ് പ്രോട്ടോകോൾ’ നിലവിൽ വരുക. രാവിലെ ഏഴു മുതൽ 9.30 വരെയും വൈകീട്ട് അഞ്ചുമുതൽ രാത്രി 8.30 വരെയും യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ ലഭിക്കും. സ്‌റ്റേഷനുകളിൽ സൂചന ബോർഡുകൾ സ്ഥാപിക്കുന്നതിന് പുറമെ, യാത്രക്കാർക്ക് വഴികാണിക്കാൻ പ്രത്യേക ജീവനക്കാരുമുണ്ടാകും. യാത്രക്കാർ നേരത്തെ തന്നെ യാത്ര ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്.

യാത്രക്കാർക്ക് നേരിടുന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ആർ.ടി.എ, യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനാണ് പ്രധാന പരിഗണനയെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ 16ലെ കനത്ത മഴക്കെടുതിയെ തുടർന്ന് ഭാഗികമായി തടസ്സപ്പെട്ട ദുബൈ മെട്രോയുടെ പ്രവർത്തനം പൂർണമായും പൂർവ സ്ഥിതിയിലെത്തിയിട്ടില്ല.

ഓൺ പാസീവ്, ഇക്വിറ്റി, അൽ മശ്‌രിഖ്, എനർജി സ്‌റ്റേഷനുകൾ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. തിരക്കേറിയ സമയങ്ങളിൽ യാത്രക്ക് മെട്രോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കഴിഞ്ഞയാഴ്ച അധികൃതർ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *