കോവാക്‌സിന് പാർശ്വഫലങ്ങളില്ല; വിശദീകരണവുമായി ഭാരത് ബയോടെക്

കോവാക്‌സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് ഭാരത് ബയോടെക് കമ്പനി. കോവിഷീൽഡ് വാക്‌സിൻ പാർശ്വഫലങ്ങൾക്ക് ഇടയാക്കുമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്‌സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്.

പ്രഥമപരിഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്‌സിൻ വികസിപ്പിച്ചതെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി പറയുന്നു. ഇന്ത്യൻ സർക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതികളുടെ ഭാഗമായി ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്‌സിൻ കോവാക്‌സിനാണെന്നും കമ്പനി അവകാശപ്പെടുന്നു.

വാക്‌സിന് ലൈസൻസ് ലഭിക്കുന്ന പ്രക്രിയയുടെ ഭാഗമായി 27,000ത്തോളം വിഷയങ്ങളിലും വിശദമായ സുരക്ഷാ മാനദണ്ഡങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. കോവാക്‌സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ആരോഗ്യമന്ത്രാലയം വിലയിരുത്തിയിട്ടുള്ളതാണെന്നും കമ്പനി വ്യക്തമാക്കി. കോവാക്‌സിൻ സംബന്ധിച്ച് രക്തം കട്ടപിടിക്കുക, ത്രോംബോസൈറ്റോപീനിയ, ടി.ടി.എസ്., വി.ഐ.ടി.ടി., പെരികാർഡൈറ്റിസ്, മയോകാർഡൈറ്റിസ് തുടങ്ങിയ പാർശ്വഫലങ്ങളൊന്നുമില്ലെന്നും വാക്‌സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഭാരത് ബയോടെക് പറയുന്നു.

കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിക്ക് ഹ്രസ്വകാലയളവേ ഉള്ളുവെങ്കിലും ആളുകളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ആഘാതമുണ്ടായാൽ അത് ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്ന് കമ്പനിക്ക് അറിയാമായിരുന്നു. അതിനാൽ തന്നെ ഞങ്ങളുടെ എല്ലാ വാക്‌സിനുകളുടെയും പ്രഥാനശ്രദ്ധ സുരക്ഷിതത്വത്തിലായിരുന്നു.-ഭാരത് ബയോടെക് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *