രാഹുൽ ഗാന്ധി റായ്ബറേലിയിൽ , അമേഠിയിൽ കിശോരിലാൽ ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്, പ്രിയങ്ക മത്സരിക്കില്ല

സസ്‌പെൻസ് അവസാനിപ്പിച്ച് റായിബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രിയങ്ക ഗാന്ധി മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി റായിബറേലിയിൽ മത്സരിക്കും. അമേഠിയിൽ മുതിർന്ന നേതാവ് കിശോരിലാൽ ശർമയാണ് സ്ഥാനാർഥി. രണ്ടു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അന്തിമസമയത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ സസ്പെൻസ് നിലനിർത്തുകയായിരുന്നു കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലമാണ് റായ് ബറേലി. മൂന്ന് സെറ്റ് പത്രികകൾ രാഹുലിനായി പൂരിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. പത്രിക സമർപ്പിക്കാനായി തുറന്ന വാഹനത്തിലാകും രാഹുൽ ഗാന്ധി പോവുക. നൂറുകണക്കിന് ബൈക്കുകളും കാറുകളും അകമ്പടിയാകും. അമേഠി മണ്ഡലം ബി.ജെ.പിയിൽ നിന്നു തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശ്വാസം.

റായ്ബറേലിയിൽ മത്സരിക്കാൻ ഇന്നലെ രാത്രിവരെ പ്രിയങ്ക ഗാന്ധി സമ്മതം മൂളിയിരുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമായാൽ ഉടൻ പ്രഖ്യാപനം നടത്താമെന്നു കരുതിയാണ് അർധരാത്രി വരെ കാത്തിരുന്നത്. പ്രിയങ്ക തീരുമാനം എടുക്കാൻ വൈകുമെന്ന് അറിയിച്ചതോടെ ലഡാക്ക് മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ബി.ജെ.പി സിറ്റിങ് എം.പി സെറിങ് നംഗ്യാലിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് മോദി ക്യാംപിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *