റായ്ബറേലിയിലെ മത്സരം ഇൻഡ്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കും’: കുഞ്ഞാലിക്കുട്ടി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രണ്ട് സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണെന്നും കഴിഞ്ഞ തവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

റായ്ബറേലിയിലെ മത്സരം ഇൻഡ്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കും. രാഹുൽ മത്സരിക്കണം എന്ന ആവശ്യം ലീഗും മുന്നോട്ട് വെച്ചു. ഇതുസംബന്ധിച്ച് കെ സി വേണുഗോപാലുമായി സംസാരിച്ചിരുന്നു. ഭൂരിപക്ഷം തികയ്ക്കില്ല എന്ന സംശയം ബിജെപിക്ക് നല്ലപോലെയുണ്ട്. മത്സരിക്കുന്ന വിവരം മറച്ചുവെച്ച് വയനാടിനെ വഞ്ചിച്ചു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഓരോ ഘട്ടത്തിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ഇൻഡ്യ മുന്നണിയുടെ സാധ്യത വർദ്ധിപ്പിക്കുന്ന തീരുമാനമാണ്. ഇടതുപക്ഷം ഇതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. അവർക്കും ഇൻഡ്യ മുന്നണിയുടെ സാധ്യതകൾ വർധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട മന്ത്രിയുടെ പരാമർശത്തില്‍ പാർട്ടി സെക്രട്ടറി തന്നെ നിലപാട് പറഞ്ഞതാണ്. ഒരു സ്ഥലത്തെ അധിക്ഷേപിക്കുന്നത് ശരിയല്ല.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ച കുഞ്ഞാലിക്കുട്ടി സീറ്റ് വർധിപ്പിച്ചത് പരിഹാരമല്ലെന്നും പറഞ്ഞു. ക്ലാസുകളിൽ കുട്ടികളെ കുത്തി നിറക്കുകയാണ്. ഇത് പ്രശ്‌നത്തിന് ഒരു പരിഹാരവുമല്ല. പകരം അധികം ബാച്ചുകളാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *