ഐപിഎല്ലിലെ പരാജയത്തെക്കുറിച്ച് സ‍ഞ്ജു; ഹൈദരാബാദ് ബൗളര്‍മാര്‍ക്കാണ് മുഴുവന്‍ ക്രഡിറ്റും

ഐപിഎല്ലിൽ ഇന്നലെ രാജസ്ഥാന്‍ റോയല്‍സിന് നിരാശയുടെ ​ദിവസമായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയിൽ ഒരു റൺസിനാണ് രാജസ്ഥാന് തോൽവി സമ്മതിക്കേണ്ടി വന്നത്. ഇതോടെ സീസണിൽ രാജസ്ഥാന് രണ്ടാമത്തെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. എന്നാൽ പത്ത് മത്സരങ്ങളില്‍ എട്ട് ജയവുമായി രാജസ്ഥാൻ ഇപ്പോഴും ഒന്നാമതുണ്ട്. 16 പോയിന്റാണ് ടീമിനുള്ളത്. രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണിന് ഇന്നലെ റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചിരുന്നില്ല. മൂന്നാം പന്തില്‍ സഞ്ജു മടങ്ങി. റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്. 202 റണ്‍സ് വിജയലക്ഷ്യമാണ് ഹൈദരാബാദ് ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ഒരു റണ്ണിന് പരാജയപ്പെടുകയും ചെയ്തു.

തോൽവിക്ക് ശേഷം സഞ്ജു പറഞ്ഞത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളര്‍മാര്‍ക്കാണ് മുഴുവന്‍ ക്രഡിറ്റും എന്നാണ്. മത്സരത്തില്‍ പുതിയ പന്തുകള്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും പന്ത് പഴകിയപ്പോള്‍ കാര്യങ്ങള്‍ കുറച്ച് എളുപ്പമായിയെന്നും സഞ്ജു പറഞ്ഞു. യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളും റിയാന്‍ പരാഗും നന്നായി കളിച്ചുവെന്നും സഞ്ജു പറഞ്ഞു. 202 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. റോവ്മാന്‍ പവല്‍ വിജയത്തിനടുത്ത് എത്തിച്ചെങ്കിലും ഭുവനേശ്വര്‍ കുമാറിന്റെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *