‘തിരഞ്ഞെടുപ്പില്‍ അപരന്മാരെ വിലക്കണം’: ഹര്‍ജി തള്ളി സുപ്രീംകോടതി

ഒരേ പേരുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി. ഏതെങ്കിലും രക്ഷിതാക്കള്‍ രാഹുല്‍ഗാന്ധിയെന്നും ലാലുപ്രസാദ് യാദവെന്നും തങ്ങളുടെ കുട്ടികള്‍ക്ക് പേരിട്ടുവെന്ന് വെച്ച് അവര്‍ മത്സരിക്കുന്നത് വിലക്കാന്‍ എങ്ങനെ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചു.

സാബു സ്റ്റീഫനെന്ന വ്യക്തിയായിരുന്നു ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരേ പേരുള്ളവര്‍ മത്സരിക്കുന്നത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും ചെറിയ മാര്‍ജിനില്‍ തോല്‍ക്കാന്‍ വരെ സാധ്യതയുണ്ടെന്നും ഹര്‍ജിക്കാരൻ കോടതിയില്‍ പറഞ്ഞു.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ താത്പര്യം കണക്കിലെടുത്ത് ഈ പ്രവണത അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.

ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാകാതിരുന്ന ജസ്റ്റിസ് ബി.ആര്‍ ഗവായ് ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന് അനുവദവും നല്‍കി. പ്രമുഖരായ സ്ഥാനാര്‍ഥികള്‍ക്കെതിരേ ഒരേ പേരുളള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് പണ്ടുമുതലേയുള്ള തിരഞ്ഞെടുപ്പ് തന്ത്രമാണ്. പലപ്പോഴും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ പോലും ബാധിക്കാറുമുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *