ജസ്ന തിരോധാന കേസിൽ അച്ഛൻ സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു

ജസ്ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. ചില ചിത്രങ്ങള്‍ അടക്കമാണ് കോടതിയിൽ നൽകിയത്. തെളിവുകൾ കോടതി പരിശോധിച്ചു. ഇതേ തെളിവുകള്‍ നേരത്തെ സിബിഐ പരിശോധിച്ചിട്ടുണ്ടോ എന്നറിയാൻ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചു. 

സിബിഐ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയാണെങ്കിൽ തുടരന്വേഷണം നടത്താമെന്നായിരുന്നു സിബിഐ നിലപാട്. അതിനാൽ തെളിവുകള്‍ താരതമ്യം ചെയ്ത ശേഷമായിരിക്കും തുരന്വേഷണത്തിന്‍റെ കാര്യത്തിൽ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിടുക. കേസ് നാളെയും കോടതി പരിഗണിക്കും.

പത്തനംതിട്ട വെച്ചുച്ചിറയിൽ നിന്ന് കാണാതായ ജസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് സിബിഐ നേരത്തെ കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് തള്ളി തുടരന്വേഷണം ആവശ്യപ്പെട്ടാണ് ജസ്നയുടെ അച്ഛൻ കോടതിയെ സമീപിച്ചത്. ജെസ്ന ജീവിച്ചിരിപ്പില്ലെന്നാണ് അച്ഛൻ പറയുന്നത്. ജെസ്ന തിരോധാന കേസിൽ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങൾ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്ന് അച്ഛൻ അവകാശപ്പെടുന്നു. ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നിൽ പ്രവ‍ർത്തിച്ചത്. ഇതിന്‍റെ തെളിവ് കയ്യിലുണ്ടെന്നും കോടതിയിൽ കൈമാറിയെന്നുമാണ് അച്ഛൻ പറയുന്നത്.

സിബിഐ കേസ് അവസാനിപ്പിക്കാൻ പോകുന്നുവെന്ന സാഹചര്യത്തിലാണ് താൻ അന്വേഷണം ആരംഭിച്ചതെന്ന് അച്ഛൻ പറഞ്ഞു. ഏജൻസികൾക്ക് സമാന്തരമായി തന്റെ നേതൃത്വത്തിൽ ഒരു ടീമായാണ് അന്വേഷണം നടത്തിയതെന്ന് അച്ഛൻ പറഞ്ഞു. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എല്ലാ അന്വേഷണ റിപ്പോർട്ടുകളും തങ്ങളുടെ സംഘം വീണ്ടും പരിശോധിച്ചു. അതിൽ സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ തങ്ങൾ അന്വേഷണം നടത്തിയെന്നും ജെയിംസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് പുതിയ തെളിവുകള്‍ ഹാജരാക്കുകയാണെങ്കിൽ തുടരന്വേഷണം നടത്താമെന്ന് സിബിഐ കോടതിയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *