യുഎഇയിലേക്ക് വീണ്ടും മഴയെത്തുന്നു ; ഇന്ന് രാത്രി മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

യുഎഇയിൽ വരും ദിവസങ്ങളിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥാ വിദഗ്ദരുടെ അറിയിപ്പ്. രാജ്യം ഉഷ്ണ കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന് മുന്നോടിയായുള്ള കാലാവസ്ഥാ മാറ്റമാണ് ഇപ്പോൾ ദൃശ്യമാവുന്നതെന്നും യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡോ. അഹ്മദ് ഹബീബ് പറഞ്ഞു.

രാജ്യത്തിന്റെ തെക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലുമായിരിക്കും ഇന്ന് മുതൽ മഴ ലഭിക്കാൻ സാധ്യത. നേരത്തെ ഏപ്രിൽ 16ന് വലിയ തോതിലുള്ള മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അതിന് ശേഷം മേയ് രണ്ടിനും മൂന്നിനും യുഎഇയിൽ മഴ ലഭിച്ചിരുന്നു. മേയ് അഞ്ചാം തീയ്യതി ഞായറാഴ്ച വൈകുന്നേരം മുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് തിങ്കളും ചൊവ്വയും കൂടി തുടരും. സമീപ ഭാവിയിൽ ഇനി വലിയ മഴയ്ക്ക് സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു. ന്യൂനമർദം നിലവിൽ രാജ്യത്തിന് പുറത്താണ് നീങ്ങുന്നത്.

യുഎഇയിൽ ശൈത്യകാലവും ഉഷ്ണകാലവും എന്നിങ്ങനെ രണ്ട് കാലാവസ്ഥകളും അവയ്ക്കിടയിലുള്ള കാലാവസ്ഥാ മാറ്റത്തിന്റെ കാലവുമാണുള്ളത്. ഡിസംബ‍ർ മുതൽ മാർച്ച് വരെ നീണ്ടു നിൽക്കുന്ന ശൈത്യ കാലത്ത് ശരാശരി താപനില 16.4 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ഇതിന് ശേഷം ജൂൺ മുതൽ സെപ്റ്റംബർ വരെ ഉഷ്ണകാലമാണ്. 50 ഡിഗ്രി സെൽഷ്യസോളം കടുത്ത ചൂട് ഈ കാലത്ത് അനുഭവപ്പെടാറുണ്ട്. ഇതിനിടയിലുള്ള ഏപ്രിൽ, മേയ് മാസങ്ങളിൽ മാറിമാറി മഴയും ചൂടും അനുഭവപ്പെടുകയും പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങൾക്കൊപ്പം അന്തരീക്ഷ താപനില ക്രമമായി വർദ്ധിച്ചു വരികയും ചെയ്യും. നിലവിൽ ഈ കാലാവസ്ഥാ മാറ്റത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് വിദഗ്ധർ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *