അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് പിഴ. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. അംപയറുടെ തീരുമാനം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഔട്ടെന്ന അംപയറുടെ വിധിയില്‍ ഫീല്‍ഡ്അംപയര്‍മാരുടെ അടുത്തെത്തി സഞ്ജു വാദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിധിക്കെതിരെ ഫീല്‍ഡ് അംപയര്‍മാരോട് തര്‍ക്കിച്ചതിനാണ് പിഴ.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം സഞ്ജു ലെവല്‍ 1 നിയമം ലംഘിച്ചു. സഞ്ജു തെറ്റ് മനസിലാക്കിയതായും മാച്ച് റഫറിയുടെ തീരുമാനം അംഗീകരിച്ചതായും ഐപിഎല്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഏപ്രില്‍ 10 ന് ജയ്പൂരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ സ്ലോ ഓവര്‍ റേറ്റിന് സഞ്ജുവിന് 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

സഞ്ജുവിനെ പുറത്താക്കിയ ക്യാച്ച് എടുക്കുന്നതിനിടെ ഷായി ഹോപ് പന്ത് ബൗണ്ടറി റോപ്പില്‍ സ്പര്‍ശിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ക്യാച്ചിന്റെ നിയമസാധുതയെക്കുറിച്ച് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ഉറപ്പില്ലായിരുന്നു, അവര്‍ മൂന്നാം അമ്പയറുടെ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചു. ടിവി അമ്പയര്‍ ക്യാച്ച് വിവിധ കോണുകളില്‍ നിന്ന് പരിശോധിക്കാതെ തിടുക്കത്തില്‍ ഡല്‍ഹിക്ക് അനുകൂലമായി തീരുമാനം നല്‍കി. ഇതേതുടര്‍ന്നാണ് ഡഗൗട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഓണ്‍-ഫീല്‍ഡ് അംപയര്‍മാരുമായി സംസാരിച്ചു. അംപയറിങ് തീരുമാനത്തിനെതിരെ ഡിആര്‍എസ് എടുക്കാന്‍ സഞ്ജു ആഗ്രഹിച്ചെങ്കിലും നിയമങ്ങള്‍ അത് അനുവദിക്കുന്നില്ലെന്ന് അറിയിച്ചു. ഇതിനെ തുടര്‍ന്ന് അസ്വസ്ഥനായാണ് താരം മൈതാനം വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *