പോളിങ് വിവരങ്ങൾ നൽകുന്നത് വൈകിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ ഇന്ത്യ സഖ്യം

വോട്ടിങ് വിവരങ്ങൾ നൽകുന്നത് വൈകിക്കുന്നതും ബിജപെി നേതാക്കളുടെ വർഗീയ പരാമർശങ്ങൾ ഉന്നയിച്ചും ഇന്ത്യ സഖ്യ നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടിങ് വിവരങ്ങൾ കൃത്യമായി നൽകാത്തത് ഫലം അട്ടിമറിക്കാനുള്ള ശ്രമമാണെന്നത് അടക്കമുള്ള വിമർശനങ്ങൾ നേരത്തേ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളിൽ അടിയന്തര നടപടിയും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടേക്കും.

മാർച്ചിൽ കെജ്രിവാളിൻറെ അറസ്റ്റ് ഉന്നയിച്ചും ഇന്ത്യ സഖ്യം കമ്മീഷനെ കണ്ടിരുന്നു. പോളിങ് ശതമാനം കൃത്യമായ നൽകിയില്ലെന്ന് ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. മൂന്നാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ ആദ്യ രണ്ട് ഘട്ടങ്ങളിലെ പോളിങ് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി നൽകാത്തതിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം. ആദ്യഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് അന്തിമ പോളിങ് കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്. രണ്ടാംഘട്ടം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മാത്രവും പോളിങ് കണക്കുകൾ നൽകി. ഇത് ഫലം അട്ടിമറിക്കാനുള്ള ശ്രമത്തിൻറെ ഭാഗമെന്നാണ് കോൺഗ്രസ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻറെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വൈകി വിവരങ്ങൾ കൈമാറുന്നതെന്നും ഖർഗെ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *