അമ്മയുടെ മുൻകാമുകന്റെ കുത്തേറ്റ് യുവതി മരിച്ചു; സംഭവം യു.പിയിൽ

യു.പിയിൽ അമ്മയുടെ മുൻകാമുകന്റെ കുത്തേറ്റ് യുവതി മരിച്ചു. ഗാസിയബാദിലെ ഇന്ദിരാപുരത്താണ് സംഭവം. ഇന്ദിരാപുരം സ്വദേശിയായ ചമ്പാദേവിയുടെ മുൻകാമുകൻറെ പകപോക്കലിന് ഇരയാവുകയായിരുന്നു അവരുടെ മകൾ ജ്യോതി. കാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയപ്പോഴാണ് പതിനെട്ടുകാരിയായ ജ്യോതിക്ക് ജീവൻ നഷ്ടമായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ആറുമാസം മുമ്പാണ് ജ്യോതിയുടെയും ഇ-ഓട്ടോ ഡ്രൈവറായ ലളിതേഷിന്റെയും വിവാഹം നടന്നത്. ഉത്തർപ്രദേശിലെ ബാബ്രലയിൽ ഭർതൃവീട്ടുകാർക്കൊപ്പമായിരുന്നു ജ്യോതി താമസിച്ചിരുന്നത്. അമ്മ ചമ്പാദേവിക്ക് അർബുദമാണെന്ന് തിരിച്ചറിഞ്ഞതോടെ അവരെ ശുശ്രൂഷിക്കാനായാണ് ചൊവ്വാഴ്ച രാവിലെ ജ്യോതി ഭർത്താവിനൊപ്പം ഇന്ദിരപുരത്തുള്ള മാതൃഗൃഹത്തിലെത്തിയത്.

വിവാഹം കഴിഞ്ഞ് വൈകാതെ ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീയാണ് ചമ്പാദേവി. രണ്ടാമത് വിവാഹം കഴിച്ചുവെങ്കിലും ഭിന്നശേഷിക്കാരനായ ഭർത്താവ് ഇവരെ വിട്ട് ബിഹാറിൽ താമസമാക്കി. പിന്നീടാണ് ചമ്പാദേവി ബോബി എന്നയാളുമായി പ്രണയത്തിലാകുന്നത്. എന്നാൽ, ഇയാൾ കുറച്ചുനാൾ മുമ്പ് ഒരു കേസിൽപെട്ട് ജയിലിലായി. ബോബി ജയിലിൽ ആയിരുന്ന സമയത്ത് ചമ്പാദേവി അജയ് എന്നൊരാളുമായി അടുപ്പത്തിലായി.

ഗൗതംബുദ്ധ നഗർ ജയിലിൽനിന്ന് 15 ദിവസം മുമ്പാണ് ബോബി മോചിതനായത്. പുറത്തെത്തിയപ്പോഴാണ് ബോബി ചമ്പാദേവിയുടെ പുതിയ പ്രണയബന്ധത്തെക്കുറിച്ച് അറിയുന്നത്. ഇതോടെ ബോബി അജയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ശേഷം ഒരു സുഹൃത്തിനെയും കൂട്ടി ചമ്പാദേവിയെ കാണാൻ അവരുടെ വീട്ടിലെത്തി. ചമ്പാദേവിയെ കണ്ടയുടൻ ബോബി കൈയിൽ കരുതിയിരുന്ന കത്തി പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നു.

ഇത് കണ്ടുവന്ന ചമ്പാദേവിയുടെ മകൾ ജ്യോതി ബോബിയെ തടയാൻ ശ്രമിച്ചു. മൂവരും മൽപിടിത്തത്തിൽ ഏർപ്പെടുന്നതിനിടെയാണ് ജ്യോതിക്ക് കുത്തേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ ജ്യോതിയുടെ ഭർത്താവ് ലളിതേഷിന്റെ നേരെയായി പിന്നീട് ബോബിയുടെ ആക്രമണം. ഇതിനിടെ ചമ്പാദേവി ഓടി അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. ചമ്പാദേവിക്കൊപ്പം സംഭവസ്ഥലത്തെത്തിയ പോലീസ് ബോബിയെ അറസ്റ്റ് ചെയ്യുകയും ജ്യോതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

മാരകമായി കുത്തേറ്റ ജ്യോതി ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. മൽപിടത്തത്തിലും കത്തിക്കുത്തിലും സാരമായി പരിക്കേറ്റ ജ്യോതിയുടെ ഭർത്താവ് ലളിതേഷിനെയും പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകട നില തരണംചെയ്തതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *