‘തീക്കൊള്ളി കൊണ്ടാണ് എല്‍.ഡി.എഫ് തലചൊറിയുന്നത്’; മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്‌സ്  സംഘികള്‍ എന്നാക്കണം: എം.കെ മുനീര്‍

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പേര് മാറ്റി മാര്‍ക്‌സ് സംഘികള്‍ എന്നാക്കണമെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ. തീക്കൊള്ളി കൊണ്ടാണ് എല്‍.ഡി.എഫ് തലചൊറിയുന്നത്. വടകരയില്‍ ഷാഫിക്കെതിരെ എല്‍.ഡി.എഫ് നടത്തിയത് ആശാസ്യകരമല്ലാത്ത പ്രചാരണമാണെന്നും എം.കെ മുനീര്‍ പറഞ്ഞു. വടകരയില്‍ ഷാഫിക്കെതിരേ നടന്ന കാഫിര്‍ വിവാദത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ റൂറല്‍ എസ്.പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.കെ മുനീര്‍.

കാഫിര്‍ വിവാദ ആരോപണം വന്നപ്പോള്‍ തന്നെ അത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് സൈബര്‍ വിങ്ങിനെ പോലീസ് തീറ്റിപ്പോറ്റുന്നത് ? ഒരാഴ്ചയ്ക്കകം കാഫിര്‍ പ്രചരണം നടത്തിയവരെ പോലീസ് കണ്ടെത്തണം. ഇല്ലെങ്കില്‍ കേരളീയ പൊതുസമൂഹത്തോട് പോലീസിന് മറുപടി പറയേണ്ടി വരുമെന്നും മുനീര്‍ പറഞ്ഞു.

മുഖ്യമന്ത്രി വിദേശത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. ദുബായ്, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവടങ്ങളില്‍ മുഖ്യമന്ത്രി പ്രചാരണ തിരക്കിലാണ്. അതിനാല്‍ ആഭ്യന്തരം നോക്കാന്‍ സമയമില്ലെന്നും മുനീര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *