ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡുമായുള്ള കരാർ പുതുക്കില്ല ; പുതിയ പരിശീലകനെ തേടി ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടി ബിസിസിഐ. നിലവില്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടിയേക്കില്ലെന്ന് ബിസിസിഐ സൂചിപ്പിച്ചു. പുതിയ പരിശീലകന് വേണ്ടി അപേക്ഷ ക്ഷണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ട്വന്റി-20 ലോകകപ്പോടെ ദ്രാവിഡുമായി നിലവിലുള്ള കരാര്‍ അവസാനിക്കും. പുതിയ പരിശീലകനെ ദീര്‍ഘകാലത്തേക്ക് നിയമിക്കുമെന്നും പ്രാരംഭ കാലയളവ് മൂന്ന് വര്‍ഷത്തേക്ക് തുടരുമെന്നും ജയ് ഷാ സ്ഥിരീകരിച്ചു.

പുതിയ കോച്ചിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ജയ് ഷാ വ്യക്തമാക്കിയതിങ്ങനെ… ”ദ്രാവിഡിന്റെം കാലാവധി ജൂണ്‍ വരെ മാത്രമാണ്. അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാം. കോച്ചിംഗ് സ്റ്റാഫിലെ മറ്റ് അംഗങ്ങളെ പുതിയ പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനിക്കും.” ഷാ പറഞ്ഞു. വിദേശ പരിശീലകര്‍ക്കുള്ള സാധ്യതയും അദ്ദേഹം തള്ളികളഞ്ഞില്ല. വിവിധ ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ത പരിശീലകരെന്ന രീതി ബിസിസിഐ പിന്തുടരില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.

ഐപിഎല്ലിലെ ഇംപാക്റ്റ് പ്ലെയര്‍ രീതി തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ പരിശീലകരും ക്യാപ്റ്റന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും ജയ് ഷാ വ്യക്തമാക്കി. ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ടൂര്‍ണമെന്റ് പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര കളിക്കാരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നത് അതത് സംസ്ഥാന അസോസിയേഷനുകള്‍ക്ക് വിടും. സെന്‍ട്രല്‍ കരാറില്‍ എ ഗ്രേഡ് ലഭിച്ച ഹാര്‍ദിക് പാണ്ഡ്യ നിശ്ചിത ഓവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ സമ്മതിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ (എന്‍സിഎ) ഹൈ-പെര്‍ഫോമന്‍സ് സെന്റര്‍ ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *