പാർട്ടിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു; വരുണിൽ പൂർണവിശ്വാസമെന്ന് മനേക ഗാന്ധി

പിലിഭിത്ത് ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി മകൻ വരുൺ ഗാന്ധിക്ക് സ്ഥാനാർഥിത്വം ലഭിക്കാത്ത വിഷയത്തിൽ പ്രതികരിച്ച് മുതിർന്ന ബി.ജെ.പി. നേതാവ് മനേക ഗാന്ധി. പിലിഭിത്തിൽ വരുണിന് പകരം മറ്റൊരു സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള പാർട്ടിയുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നതായും അവർ എൻ.ഡി.ടി.വിയോടു പ്രതികരിച്ചു.

എനിക്ക് പാർട്ടിയുടെ തീരുമാനത്തെ വെല്ലുവിളിക്കാനാകില്ല. ഞാൻ അതിനെ ബഹുമാനിക്കുന്നു. എനിക്ക് വരുൺ ഗാന്ധിയിൽ ഒരുപാട് വിശ്വാസമുണ്ട്. അദ്ദേഹം കഴിവുള്ള വ്യക്തിയാണ്. തന്റെ കഴിവിന്റെ പരാമാവധി അദ്ദേഹം ചെയ്യും, മനേക പറഞ്ഞു. ചില ആളുകൾ പാർലമെന്റ് അംഗമാകും. മറ്റു ചിലർ എം.പിയാകാതെ രാഷ്ട്രീയക്കാരനാകും. ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നതിന് മുൻപ് ഒരു സർക്കാർ പദവിയും വഹിച്ചിട്ടില്ലാത്ത ഇന്ത്യയുടെ മുൻപ്രധാനമന്ത്രി ചന്ദ്രശേഖറിനെ പരോക്ഷമായി പരാമർശിച്ച് മനേക പറഞ്ഞു. ജീവിതം എന്താണ് കാത്തുവെച്ചിരിക്കുന്നതെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയാനാകില്ല- അവർ കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി അമേഠി മണ്ഡലം വിട്ട് റായ്ബറേലിയിൽ മത്സരിക്കുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോൾ, മറ്റു നേതാക്കളെ കുറിച്ച് അഭിപ്രായം പറയാനില്ല എന്നായിരുന്നു മനേകയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *