മോദിയുമായി സംവാദം നടത്താൻ രാഹുൽ ഗാന്ധി ആരാണ്?; ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാണോ?: സ്മൃതി ഇറാനി

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാണോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം. മോദിയെ പോലുള്ള ഒരാളുമായി സംവാദം നടത്താൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമോ എന്നും അവർ ചോദിച്ചു.

സ്വന്തം മണ്ഡലം എന്നുപറയപ്പെടുന്ന ഇടത്തുനിന്ന് ഒരു സാധാരണ ബിജെപി പ്രവർത്തകനോടു മത്സരിക്കാൻ ധൈര്യമില്ലാത്ത വ്യക്തിയാണു രാഹുലെന്നും പ്രധാനമന്ത്രിയെ പോലൊരു വ്യക്തിയുമായി സംവാദം നടത്താൻ മാത്രം രാഹുൽ ഗാന്ധി ആരാണ്, ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആണോ എന്നുമായിരുന്നു സ്മൃതിയുടെ ചോദ്യം.

സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി.ലോകൂർ, മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി.ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം എന്നിവരാണ് ഇരുവരെയും സംവാദത്തിനു ക്ഷണിച്ചത്. ഇതു സംബന്ധിച്ചു നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും മൂവരും ചേർന്നു കത്തെഴുതിയിരുന്നു. ഈ മാസം 9ന് എഴുതിയ കത്തിനു മറുപടിയായി ഔദ്യോഗിക ലെറ്റർ പാഡിൽ സമ്മതം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് എക്‌സ് പ്ലാറ്റ്ഫോമിലാണു രാഹുൽ പങ്കുവച്ചത്. താനോ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നു രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി സമ്മതം അറിയിച്ചാൽ മറ്റു വിവരങ്ങൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *