‘പണം തന്നവർക്ക് തന്നെ വോട്ട് ചെയ്യും’ ; വോട്ടർമാരെ കൊണ്ട് സത്യം ചെയ്യിപ്പിച്ച് വൈ എസ് ആർ സി പി പ്രവർത്തകർ

ആന്ധ്രയിൽ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പണം നൽകിയവർക്ക് തന്നെ വോട്ട് ചെയ്യുമെന്ന് പ്രതിജ്ഞ എടുപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തിരുപ്പതിയിലെ വൈഎസ്ആർസിപി പ്രവർത്തകർ പ്രതിജ്ഞയെടുപ്പിക്കുന്ന ദൃശ്യങ്ങളാണിത്.

വോട്ട് ചെയ്താല്‍ നല്‍കാമെന്ന് ഏറ്റിരുന്ന പണവും സമ്മാനങ്ങളും എവിടെയെന്ന് ചോദിച്ച് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനോട് തട്ടിക്കയറുന്ന വോട്ടര്‍മാരുടെ വീഡിയോ രാവിലെ പുറത്തുവന്നിരുന്നു. എന്നാൽ, പല്‍നാട് ജില്ലയിലെ സത്തെനാപ്പള്ളിയില്‍ നിന്നുള്ള ഈ വീഡിയോ ഏത് പാർട്ടിയുടേതാണെന്ന് വ്യക്തമായിട്ടില്ല. വൈഎസ്ആര്‍സിപി വിതരണം ചെയ്ത സാരിക്ക് ഗുണമേന്മ പോര എന്ന് പറഞ്ഞ് വോട്ടര്‍മാര്‍ തങ്ങള്‍ക്ക് കിട്ടിയ സാരികള്‍ വലിച്ചെറിയുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

ഒരു വോട്ടിന് 3000 രൂപ മുതല്‍ 5000 രൂപ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 2010ന് ശേഷം ആന്ധ്രയയില്‍ വോട്ടിന് പണമോ സമ്മാനങ്ങളോ നല്‍കുന്ന പ്രവണത വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇത് ശരി വയ്ക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *