രാജ്യത്ത് നാലാം ഘട്ട പോളിംഗ് നാളെ ; വിധി എഴുതുന്നത് 96 ലോക്സഭാ മണ്ഡലങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പോളിംഗ് നാളെ നടക്കും. നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമായെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാലാംഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലായി/കേന്ദ്രഭരണപ്രദേശത്തായി 96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണു പോളിങ് നടക്കുന്നത്. ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും നാളെ വോട്ടെടുപ്പു നടക്കും. വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി തെലങ്കാനയിലെ 17 ലോക്‌സഭാമണ്ഡലങ്ങളിലെ ചില നിയമസഭാമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പു സമയം തെരഞ്ഞെടുപ്പു കമ്മീഷൻ വർധിപ്പിച്ചിട്ടുണ്ട്.

നാലാംഘട്ടത്തിൽ കാലാവസ്ഥയുടെ കാര്യത്തിൽ ആശങ്കകളൊന്നുമില്ലെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. കാലാവസ്ഥ സാധാരണഗതിയിലാകുമെന്നും താപനില സാധാരണയിലും താഴെയായിരിക്കുമെന്നുമാണ് പ്രവചനം. പോളിങ് ദിനത്തിൽ ഉഷ്ണതരംഗസാധ്യതയില്ലെന്നും പ്രവചനമുണ്ട്. എന്നിരുന്നാലും സമ്മതിദായകരുടെ സൗകര്യാർഥം കുടിവെള്ളം, ഷാമിയാന, ഫാൻ തുടങ്ങി ചൂടിനെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ പോളിങ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നുഘട്ടം പിന്നിട്ടപ്പോൾ, ഇതുവരെ 20 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ 283 ലോക്‌സഭാമണ്ഡലങ്ങളിൽ സുഗമമായും സമാധാനപരവുമായാണു വോട്ടെടുപ്പു നടന്നത്. ജൂൺ നാലിനാണു വോട്ടെണ്ണൽ.

Leave a Reply

Your email address will not be published. Required fields are marked *