ദുബൈ എമിറേറ്റിന്റെ പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 35 ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾകൂടി പുനഃസ്ഥാപിക്കുന്നു. നേരത്തേ ആരംഭിച്ച പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകിയതോടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
രണ്ടാംഘട്ടം നടപ്പാക്കുന്നതോടെ പദ്ധതിയിൽ ഉൾപ്പെട്ട കെട്ടിടങ്ങളുടെ എണ്ണം ആകെ 807 ആകും. ആദ്യഘട്ടത്തിൽ 17 പുരാവസ്തു മേഖലകൾ, 14 ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, 741 കെട്ടിടങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നത്. ദുബൈ മീഡിയ ഓഫിസ് ഞായറാഴ്ച പുറത്തുവിട്ട വിഡിയോയിലൂടെയാണ് പദ്ധതിയുടെ പുതിയഘട്ടം സംബന്ധിച്ച് വെളിപ്പെടുത്തിയത്. ദുബൈയിലെ പ്രായമേറിയ താമസക്കാരൻ ക്ലോക്ക് ടവർ, പഴയ ദുബൈ എയർപോർട്ട് ടെർമിനൽ തുടങ്ങിയവയെക്കുറിച്ച ഓർമകൾ പങ്കുവെക്കുന്നതാണ് വിഡിയോയിലുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ദുബൈയിലെ ഏറ്റവും പഴക്കമേറിയ കെട്ടിടമായ അൽ ഫഹീദി കോട്ടയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ശൈഖ് ഹംദാൻ വിലയിരുത്തിയിരുന്നു.
ചരിത്രപരമായ പ്രസക്തിയുള്ളതും ദുബൈയുടെ ഭൂതകാലത്തിന്റെ കഥ പറയുന്നതുമായ പ്രദേശങ്ങൾ, സൈറ്റുകൾ, കെട്ടിടങ്ങൾ എന്നിവ സംരക്ഷിക്കുകയാണ് വിശാലമായ രണ്ടാം ഘട്ട പദ്ധതി ലക്ഷ്യമിടുന്നത്. 1960കൾ മുതൽ 1990കൾ വരെയുള്ള കാലത്തെ 35 പ്രദേശങ്ങളും കെട്ടിടങ്ങളും സംരക്ഷിക്കാനാണ് പുതിയ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആഗോള സാംസ്കാരിക ആകർഷക കേന്ദ്രം എന്ന നിലയിൽ എമിറേറ്റിന്റെ പ്രസക്തി വർധിപ്പിക്കുന്നതിനുള്ള യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസരിച്ചാണ് പദ്ധതിയെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. എമിറേറ്റിന്റെ പൈതൃകം അതിന്റെ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് സമൂഹത്തെ ചരിത്രത്തിലേക്കും വേരുകളിലേക്കും ബന്ധിപ്പിക്കുന്നു. പൈതൃക നിർമിതികളെ സംരക്ഷിച്ചുകൊണ്ട് എമിറേറ്റിനെ ഇന്നത്തെ ആഗോള മഹാനഗരമായി രൂപപ്പെടുത്തിയതിനെക്കുറിച്ച ധാരണ സൃഷ്ടിക്കാനാണ് ദുബൈ ശ്രമിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന നിർമിതികൾ
പൈതൃക സംരക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 35 നിർമിതികളാണ് ഉൾപ്പെട്ടിട്ടുള്ളത്.
അവയിതാണ്: ക്ലോക്ക് ടവർ, റാശിദ് ടവർ, ദുബൈ പെട്രോളിയം ബിൽഡിങ്, ദുബൈ ഇന്റർനാഷനൽ എയർപോർട്ടിലെ ടെർമിനൽ-1, ദുബൈ മുനിസിപ്പാലിറ്റി മെയിൻ ബിൽഡിങ്, ദുബൈ ടെലിവിഷൻ ബിൽഡിങ്, ശൈഖ് റാശിദ് ബിൻ സഈദ് പാലസ് – സഅബീൽ, ഹോസ്പിറ്റാലിറ്റി പാലസ്, ശൈഖ് റാശിദ് ബിൻ സഈദ് പാലസ് – ഹത്ത, ശൈഖ് റാശിദ് ബിൻ സഈദ് സ്കൂൾ – ഹത്ത, സഅബീൽ സെക്കൻഡറി സ്കൂൾ, അൽ റാസ് ലൈബ്രറി, ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് ബിൽഡിങ്, ഫിഷ് റൗണ്ട് എബൗട്ട്, ദുബൈ കോർട്ട്സ് ബിൽഡിങ്, ദിവാൻ ബിൽഡിങ്, നായിഫ് പൊലീസ് സ്റ്റേഷൻ, ഫ്ലേയിം മോണ്യുമെന്റ്, എമിറേറ്റ്സ് പോസ്റ്റ് ബിൽഡിങ് – അൽ കരാമ, അൽ ഖസ്സാൻ പാർക്കിലെ ജലസംഭരണി, സഫ പാർക്ക് ബിൽഡിങ്, അൽ നാസർ ലെഷർലാൻഡ്, ജുമൈറ മൃഗശാല, എമിറേറ്റ്സ് ഗോൾഫ് ക്ലബ്, ദുബൈ ക്രീക്ക് ഗോൾഫ് ക്ലബ്, ജുമൈറ മോസ്ക്, റാശിദിയ ഗ്രാൻഡ് മോസ്ക്, അൽ ഫാഹിദി മോസ്ക്, ഹെൽത്ത് അതോറിറ്റി മോസ്ക്, ഉമർ ബിൻ ഹൈദർ മോസ്ക്, ആൽ മക്തൂം ഹോസ്പിറ്റൽ, ദുബൈ ഹോസ്പിറ്റൽ, ബറാഹ ഹോസ്പിറ്റൽ, റാശിദ് ഹോസ്പിറ്റൽ, ലത്തീഫ ഹോസ്പിറ്റൽ (അൽ വസ്ൽ).