സുഹാർ വാഹനാപകടം ; സുനിൽ കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്കരിക്കും

സുഹാർ റൗണ്ട്​ എബൗട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച സുനിൽകുമാറിന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ച്​ സംസ്കരിക്കും. സുഹാർ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാം നടപടിക്കായി മസ്‌കത്തിൽ എത്തിച്ച്​ തിങ്കളാഴ്ച പുലർച്ചെ ഒമാൻ എയറിലാണ്​ നാട്ടിലേക്ക്​ കൊണ്ടുപോയത്​. ഭാര്യ ജീജയുടെ ഒറ്റപ്പാലം പാലപ്പുറം ‘ആതിര’ വീട്ടിലാണ്​ സംസ്‌കരിക്കുകയെന്ന്​ ബന്ധുകൾ അറിയിച്ചു. സുനിൽ കുമാറിന്റെ വീട് തൃശൂരാണ്. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

അപകടത്തിൽ പരിക്കേറ്റ ഭാര്യ ജീജ, കുട്ടികളായ മയൂര, നന്ദന എന്നിവർ ആശുപത്രിയിലായിരുന്നു. ഡിസ്ചാർജായ ഇവർ ബന്ധുവിന്റെ വീട്ടിലാണുള്ളത്. അപകട വാർത്തയറിഞ്ഞ് നാട്ടിൽ നിന്ന് ജീജയുടെ സഹോദരി ഒമാനിൽ എത്തിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാവിലെയോടെയാണ്​ സുഹാർ ലിവ റൗണ്ട് എബൗട്ടിൽ ട്രക്ക്​ വാഹനങ്ങളിലിടിച്ചുണ്ടായ അകടത്തിൽ​ സുനിൽകുമാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചത്​. 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. മരിച്ച മറ്റു രണ്ടു​പേർ സ്വദേശി പൗരന്മാരാണ്​. വൺവേ പാതയിൽ തെറ്റായ ദിശയിൽ അമിത വേഗതയിലായിരുന്നു ഡ്രൈവർ ട്രക്ക്​ ഓടിച്ചിരുന്നതെന്നും തിരക്കില്ലാത്തതിനാലാണ്​ വൻ ദുരന്തം ഒഴിവായതെന്നുമാണ്​ ദൃക്സാക്ഷികൾ പറയുന്നത്​. ട്രക്ക്​ ഇടിച്ചതിനെ തുടർന്ന്​ 11 വാഹനങ്ങളാണ്​ അപകടത്തിൽപ്പെട്ടത്​. ​

Leave a Reply

Your email address will not be published. Required fields are marked *