ട്രെയിനില്‍ ടിടിഇയ്ക്ക് നേരെ വീണ്ടും ക്രൂരമര്‍ദനം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് മര്‍ദനം

ട്രെയിനില്‍ ടി.ടി.ഇ.യ്ക്ക് ക്രൂരമര്‍ദനം. രാജസ്ഥാന്‍ സ്വദേശിയായ ടി.ടി.ഇ. വിക്രം കുമാര്‍ മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രി മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച തിരുവനന്തപുരം കരമന സ്വദേശി എസ്. സ്റ്റാലിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തത് വിലക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടംമുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്നാണ് മര്‍ദനമേറ്റ ടി.ടി.ഇ. പറയുന്നത്. ജനറല്‍കോച്ചിലേക്ക് മാറാന്‍ ഇയാളോട് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. പിന്നാലെയാണ് പ്രകോപിതനായ യാത്രക്കാരന്‍ ടി.ടി.ഇ.യെ ക്രൂരമായി ആക്രമിച്ചത്.

കൈകൊണ്ട് തടഞ്ഞുനിര്‍ത്തിയ ശേഷം മൂക്കിനിടിച്ചെന്നാണ് ടി.ടി.ഇ.യുടെ പരാതിയില്‍ പറയുന്നത്. മര്‍ദനമേറ്റ് ചോരയൊലിച്ച് നില്‍ക്കുന്ന ടി.ടി.ഇ.യുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോഴിക്കോട് റെയില്‍വേ പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് തിരൂരില്‍വെച്ച് പ്രതിയെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ടി.ടി.ഇ.യെ ആദ്യം ഷൊർണൂരിലെ ആശുപത്രിയിലും പിന്നീട് പാലക്കാട് റെയിൽവേ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *