സഹപാഠികളുടെ നിരന്തര പരിഹാസവും മർദനവും ; പത്ത് വയസുകാരൻ ആത്മഹത്യ ചെയ്തു

സഹപാഠികളുടെ നിരന്തര പരിഹാസത്തെയും മര്‍ദനത്തെയും തുടര്‍ന്ന് പത്തുവയസുകാരന്‍ ജീവനൊടുക്കി. യു.എസിലെ ഇന്‍ഡ്യാനയില്‍ മേയ് 5നാണ് സംഭവം. ഗ്രീൻഫീൽഡ് ഇന്റർമീഡിയറ്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സമ്മി ട്യൂഷാണ് മരിച്ചത്. കണ്ണട വയ്ക്കുന്നതിന്‍റെയും പല്ലുകളുടെയും പേരില്‍ കുട്ടിയെ നിരന്തരം സഹപാഠികള്‍ കളിയാക്കിയിരുന്നതായി മാതാപിതാക്കളായ സാമും നിക്കോളയും പറഞ്ഞു.

കുട്ടികള്‍ കളിയാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം 20ലധികം തവണ സ്കൂള്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ”ആദ്യം കണ്ണടയുടെ പേരിലായിരുന്നു സമ്മിയെ കളിയാക്കിയിരുന്നത്. പിന്നീട് പല്ലുകളെച്ചൊല്ലിയായി. വളരെക്കാലം ഇതു തുടര്‍ന്നു” സാം പറഞ്ഞു. സ്കൂള്‍ ബസില്‍ കുട്ടികള്‍ സമ്മിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും കണ്ണടയുടെ ഗ്ലാസ് തകര്‍ത്തുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. സ്നാപ്‍ചാറ്റിലൂടെയും ഓണ്‍ലൈനിലൂടെയും സഹപാഠികളുടെ പരിഹാസം തുടര്‍ന്നുകൊണ്ടിരുന്നു. സ്കൂളിലെത്തിയാല്‍ തല്ലുമെന്ന ഭീഷണി സന്ദേശങ്ങളും സമ്മിക്ക് ഫോണിലൂടെ ലഭിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

എന്നാല്‍ സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥിയോ മാതാപിതാക്കളോ പരാതി നല്‍കിയിട്ടില്ലെന്ന് സ്കൂള്‍ ഡിസ്ട്രിക്ട് സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ തങ്ങള്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് സാമും നിക്കോളയും തറപ്പിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *