‘സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ്’; ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലില്‍ വിവാദമൊന്നുമില്ല: ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്ന് തിരുവഞ്ചൂര്‍

സോളാര്‍ സമരം സിപിഎമ്മും കോൺഗ്രസും തമ്മില്‍ ഒത്തുതീര്‍പ്പാക്കിയതാണെന്ന ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലില്‍ കൂടുതല്‍ വിശദീകരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലില്‍ വിവാദമൊന്നുമില്ല, അന്ന് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും എല്ലാവരുമായി ചര്‍ച്ച നടത്തിയെന്നും തിരുവഞ്ചൂര്‍. 

പ്രശ്നം പരിഹരിക്കണമെന്ന് യുഡിഎഫിന് തോന്നി, അതിന് ശ്രമം നടത്തി- പരിഹരിക്കുകയും ചെയ്തു, തങ്ങളുടെ ഹിതത്തിന് അനുസരിച്ച ഫലമാണ് ചര്‍ച്ചയ്ക്കുണ്ടായതെന്നും സൂചിപ്പിച്ച് തിരുവഞ്ചൂര്‍. 

മലയാള മനോരമ മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍ കാര്യമായ ചര്‍ച്ചകളാണ് വിഷയത്തിലുണ്ടാക്കിയത്. സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാൻ മാധ്യമപ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ച് ഉമ്മൻചാണ്ടിയോട് സംസാരിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍.

ഉമ്മാൻചാണ്ടിയെ വിളിച്ചു, തുടര്‍ന്ന് അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം പികെ കുഞ്ഞാലിക്കുട്ടിയെ വിളിച്ചുവെന്നും ജോൺ മുണ്ടക്കയം തന്‍റെ പ പുസ്തകത്തില്‍ പറയുന്നുണ്ട്. 11 വര്‍ഷക്കാലം താൻ മനസില്‍ സൂക്ഷിച്ച കാര്യമാണിതെന്നും മുണ്ടക്കയം പറയുന്നു. 

തുറന്നെഴുത്ത് വിവാദമായതോടെ താൻ ഉമ്മൻചാണ്ടിയോട് കാണിച്ച അനീതിയെ കുറിച്ചാണ് പുസ്തകത്തില്‍ എഴുതാൻ ശ്രമിച്ചതെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാകാം അത് വിവാദമാകുന്നതെന്നും പ്രതികരിച്ചു.

ഒരേയൊരു കോള്‍ ആണ് തനിക്ക് വന്നതെന്നും, പിന്നീട് ഇതിന്‍റെ തുടര്‍ ചര്‍ച്ചയില്‍ ആരൊക്കെ ഇടപെട്ടുവെന്ന് തനിക്കറിയില്ലെന്നും താൻ പിന്നെ അതിന്‍റെ ഭാഗമായിട്ടില്ലെന്നും ജോൺ മുണ്ടക്കയം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അതേസമയം മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍ ജോൺ ബ്രിട്ടാസ് തള്ളിയിട്ടുണ്ട്. ചെറിയാൻ ഫിലിപ്പ് ആണ് ചര്‍ച്ചകള്‍ക്ക് പോയത് എന്നാണ് ബ്രിട്ടാസ് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *