എത്ര വേണമെങ്കിലും കെട്ടാം…; 10 കാളകൾക്കു മുകളിലൂടെ 4 റൗണ്ട് ഓടിക്കാണിക്ക് മോനേ..!

വിവാഹവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങൾക്കിടയിൽ വിചിത്രമായ ആചാരങ്ങൾ നിലവിലുണ്ട്. എത്യോപ്യയിലെ ബന്ന ഗോത്രത്തിലെ വിവാഹാചാരങ്ങൾ ഏറെ കൗതുകരമാണ്. ബന്ന ഗോത്രത്തിലെ യുവാക്കൾ പുരുഷന്മാരെന്നു തെളിയിക്കുന്നതും കല്യാണത്തിനുള്ള യോഗ്യത നേടുന്നതും ‘കാളചാട്ട ചടങ്ങ്’ പൂർത്തിയാക്കുന്നതിലൂടെയാണ്. ഒരു പ്രായവിഭാഗത്തിൽനിന്നു മറ്റൊന്നിലേക്കു കടക്കാൻ സങ്കീർണമായ ആചാരങ്ങളാണ് അവർക്കുള്ളത്.

ആൺകുട്ടികളുടെ പ്രായപൂർത്തിയെ അടയാളപ്പെടുത്തുന്നതിനും വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിനുമുള്ള ആചാരം കൂടിയാണിത് കാളചാട്ട ചടങ്ങ്. കുറേ കാളകളെ നിരനിരയായി നിർത്തുന്നു. ആൺകുട്ടികൾ കാളകളുടെ മുതുകിലൂടെ വീഴാതെ നാല് റൗണ്ട് ഓടണം. കുറഞ്ഞതു പത്തു കാളകൾക്കു മുകളിലൂടെയെങ്കിലും നാലു റൗണ്ട് ഓടണം. നഗ്‌നരായി വേണം മത്സരത്തിൽ പങ്കെടുക്കാൻ. കാളകൾക്കു മുകളിലൂടെ ചാടുമ്പോൾ ചാട്ടവാറുകൊണ്ട് അടിയും കിട്ടും. തൊലി പൊട്ടി ചോരവരും. എന്നാലും അതൊന്നും വകവയ്ക്കാതെ യുവാക്കൾ തങ്ങളുടെ പരീക്ഷണം പൂർത്തിയാക്കും. ആചാരവേളയിൽ യുവാവിനൊപ്പം അവൻറെ ഗോത്രത്തിലെ സ്ത്രീകളും ഉണ്ടാകും അവർ പാടിയും നൃത്തം ചെയ്തും അവനെ പ്രോത്സാഹിപ്പിക്കുന്നു.

കാളചാട്ട ചടങ്ങിൽ വിജയിച്ചാൽ അയാൾക്കു വിവാഹം കഴിക്കാനുള്ള അവകാശം നൽകുന്നു. പുരുഷന്മാർക്ക് എത്ര വേണമെങ്കിലും കെട്ടാം. ഇഷ്ടമുള്ള സ്ത്രീകളെ വിവാഹം ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ സ്വന്തം ഗോത്രത്തിൽനിന്നു മാത്രമായിരിക്കണം. ആഘോപൂർവമായിരിക്കും ചടങ്ങുകൾ. വിരുന്നും നൃത്തവുമെല്ലാം ഉൾപ്പെടുന്നതാണു വിവാഹഘോഷം.

എത്യോപ്യയിലെ കാക്കോ ടൗണിന് സമീപമുള്ള ചാരി പർവതത്തിന് ചുറ്റുമുള്ള പ്രദേശത്തും ഡിമേക്കയ്ക്ക് സമീപമുള്ള ഒരു സവന്ന പ്രദേശത്തും ബന്ന ഗോത്രക്കാർ താമസിക്കുന്നു. കൃഷിയാണു തൊഴിൽ. തേനീച്ച വളർത്തലിൽ ഇവർക്കുള്ള പ്രാഗത്ഭ്യം പ്രസിദ്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *