ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വര്‍ണം. 4X400 മീറ്റര്‍ മിക്സഡ് റിലേയിലാണ് ഇന്ത്യക്ക് സുവർണ്ണ നേട്ടം. ബാങ്കോക്കില്‍ നടന്ന കന്നി ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് അജ്മല്‍, ജ്യോതികശ്രീ ദന്ദി, അമോജ് ജേക്കബ്, സുഭ വെങ്കടേഷന് എന്നിവർ വിജയിച്ചത്. ഇവർ 3:14:12 മിനിറ്റില്‍ ലക്ഷ്യത്തിലെത്തി ദേശീയ റെക്കോഡിട്ടു.
3:17:00 മിനിറ്റിൽ ശ്രീലങ്ക രണ്ടാമതും 3:18:45 മിനിറ്റിൽ വിയറ്റ്നാം മൂന്നാമതും ഫിനിഷ് ചെയ്തു. വിജയിച്ചെങ്കിലും പാരീസ് ഒളിമ്പിക്സ് യോഗ്യത കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. വേള്‍ഡ് അത്ലറ്റിക്സിന്റെ ഒളിമ്പിക്സ് യോഗ്യതാ സമയം കുറിക്കുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടു. നിലവില്‍ ഇന്ത്യ 21-ാം സ്ഥാനത്താണ്. പതിനഞ്ചോ പതിനാറോ സ്ഥാനമാണ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. കാരണം ആദ്യ 16 സ്ഥാനക്കാര്‍ക്ക് മാത്രമേ പാരീസ് ഒളിമ്പിക്സില്‍ പ്രവേശിക്കാനാവൂ. ഇതിനകം തന്നെ ലോക അത്ലറ്റിക്സിലെ പ്രകടനം കണക്കിലെടുത്ത് 4 ടീമുകള്‍ പ്രവേശിച്ചു കഴിഞ്ഞു.
ഇതിൽ മികച്ച സമയം കുറിക്കുന്ന രണ്ട് ടീമുകളായിരിക്കും യോഗ്യത നേടുക. നിലവില്‍ ചെക്ക് റിപ്പബ്ലിക്കും ഇറ്റലിയുമാണ് 15, 16 സ്ഥാനങ്ങളിലുള്ളത്. ജൂണ്‍ മുപ്പതിനകം ഇതിലും മികച്ച സമയം കുറിക്കുന്ന രാജ്യത്തിന് ഈ ടീമുകളെ മറികടക്കാം. 3:13:56 എന്ന സമയത്തെയെങ്കിലും മറികടന്നാലേ നിലവിലെ അവസ്ഥയില്‍ ഇന്ത്യക്ക് ഒളിമ്പിക്സ് യോഗ്യത നേടാനാവൂ. ജൂണ്‍ 30-ന് മുന്‍പ് നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ പരമാവധി പങ്കെടുപ്പിക്കാനാണ് അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ നീക്കം.