ആകാശച്ചുഴിയിൽപ്പെട്ട് വിമാനത്തിലെ യാത്രക്കാരൻ മരിച്ച സംഭവം; ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്

ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ച വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരു യാത്രക്കാരൻ മരിക്കുകയും എഴുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സിംഗപ്പൂർ എയർലൈൻസ് സിഇഒ പരസ്യമായി ക്ഷമാപണം നടത്തി. എസ്‌ക്യു 321 വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് വിഡിയോ സന്ദേശത്തിൽ സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോങ് പറഞ്ഞു.

‘സിംഗപ്പൂർ എയർലൈൻസിനു വേണ്ടി, മരിച്ചയാളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കാൻ ആഗ്രഹിക്കുന്നു. എസ്‌ക്യു 321 വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ സിംഗപ്പൂർ എയർലൈൻസ് പ്രതിജ്ഞാബദ്ധമാണ്. അന്വേഷണത്തിൽ ബന്ധപ്പെട്ട അധികാരികളുമായി ഞങ്ങൾ പൂർണമായും സഹകരിക്കും’ ഗോ ചൂൻ ഫോങ് പറഞ്ഞു.

ലണ്ടനിലെ ഹീത്രൂ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ ലക്ഷ്യമാക്കി പറന്നുയർന്ന എസ്‌ക്യു 321 സിംഗപ്പൂർ എയർലൈൻസ് വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ആടിയുലയാൻ തുടങ്ങിയതോടെയാണ് യാത്രക്കാർക്ക് പരുക്കേൽക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തത്. തുടർന്ന് സുരക്ഷയുടെ ഭാഗമായി ബാങ്കോക്കിലേക്ക് വിമാനം തിരിച്ചുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *