വിദ്യാർഥിനികളുടെ നഗ്നവിഡിയോ പകർത്തി ഭീഷണി, പെൺവാണിഭം; സഹപാഠിയുടെ അമ്മ അടക്കം അറസ്റ്റിൽ

ചെന്നൈയിൽ പ്ലസ്ടു വിദ്യാർഥിനികളെ പെൺവാണിഭത്തിന് ഉപയോഗിച്ച സ്ത്രീയെയും 6 കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ നഗരത്തിൽ നടന്ന റെയ്ഡിൽ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി. പലയിടത്തും കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരകളാക്കിയതായി പെൺകുട്ടികൾ മൊഴി നൽകി. ബ്യൂട്ടീഷ്യൻ കോഴ്സും നൃത്തവും പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ കെ.നദിയ (37) മകളുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ പെൺവാണിഭത്തിനു നിർബന്ധിച്ചത്.

നിർബന്ധത്തിനു വഴങ്ങാതിരുന്ന കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം ചൂഷണം ചെയ്യുകയും 25,000 മുതൽ 35,000 രൂപ വരെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഹൈദരാബാദ്, കോയമ്പത്തൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് നദിയ ഇടപാടുകൾ നടത്തിയിരുന്നത്. ഇടപാടുകാരിൽ കൂടുതലും പ്രായമായ പുരുഷന്മാരായിരുന്നു. പെൺകുട്ടികൾ പലതവണ പെൺവാണിഭ സംഘവുമായുളള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇവരുടെ നഗ്‌ന വിഡിയോകൾ രക്ഷകർത്താക്കളെ കാണിക്കുമെന്നായിരുന്നു നദിയയുടെ ഭീഷണി. രക്ഷപ്പെടുത്തിയ പെൺകുട്ടികളെ കൗൺസിലിങ്ങിനായി ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *