റോയലായി ക്വാളിഫയറിലേക്ക് കുതിച്ച് രാജസ്ഥാൻ; നാലു വിക്കറ്റിന്റെ ജയം; ആര്‍സിബിയുടെ സ്വപ്നങ്ങള‍ക്ക് വിരാമം

ഐപിഎല്ലിൽ വീണ്ടും രാജസ്ഥാൻ മുന്നേറ്റം. എലിമിനേറ്റര്‍ പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാലു വിക്കറ്റിന് തകർത്ത് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് അര്‍ഹത നേടി. 173 റണ്‍സ് വിജയലക്ഷ്യമാണ് ആർസിബി ഉയർത്തിയത്. ഇത് ഒരോവര്‍ ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. യശസ്വി ജയ്സ്വാള്‍ 30 പന്തിൽ 45 റണ്‍സെടുത്ത് ടോപ് സ്കോററായി. റിയാന്‍ പരാഗ് 26 പന്തില്‍ 36ഉം ഹെറ്റ്മെയര്‍ 14 പന്തില്‍ 26ഉം റണ്‍സുമെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 13 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. 8 പന്തില്‍ 16 റണ്‍സുമായി റൊവ്മാന്‍ പവല്‍ പുറത്താകാതെ നിന്നു. രാജസ്ഥാനുവേണ്ടി ആവേശ് ഖാന്‍ മൂന്നും അശ്വിന്‍ രണ്ടു വിക്കറ്റുമെടുത്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 172 റണ്‍സെടുത്തത്. 35 റണ്‍സെടുത്ത രജത് പാടീദാറും 34 റണ്‍സെടുത്ത വിരാട് കോലിയും 32 റണ്‍സെടുത്ത മഹിപാല്‍ ലോംറോറുമാണ് ആര്‍സിബിക്കായി ബാറ്റിംഗില്‍ തിളങ്ങിയത്. ആര്‍സിബിക്കായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ലോക്കി ഫെര്‍ഗൂസനും കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റെടുത്തു. സ്കോര്‍ ആര്‍സിബി 20 ഓവറില്‍ 172-8, രാജസ്ഥാന്‍ 19 ഓവറില്‍ 174-6. വെള്ളിയാഴ്ച ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *