ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; വോട്ടുരേഖപ്പെടുത്തി പ്രമുഖർ, ബൂത്തിന് മുന്നില്‍വെച്ച് സെല്‍ഫി എടുത്ത് രാഹുലും സോണിയയും

രാജ്യത്ത് ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 6 സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ആദ്യമണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാർ അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

ആദ്യ 2 മണിക്കൂറിൽ 10.82 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൂടുതൽ പോളിങ് ബംഗാളിലാണ്. 16.54 ശതമാനം. കുറവ് ഒഡീഷയിൽ 7.43 ശതമാനം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് , സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി,കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, ഹർദീപ് സിംഗ് പുരി, എഎപി മന്ത്രി അതിഷി മെർലേന , ഗൗതം ഗംഭീർ, ഹരിയാന മുന്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ മനോഹർലാൽഖട്ടർ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ള പ്രമുഖ‌ർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്തു.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ന്യൂഡല്‍ഹിയിലെ പോളിങ് ബൂത്തിലാണ് വോട്ടുചെയ്തത്. രാവിലെ 9.30-ഓടെ ഇരുവരും പോളിങ് ബൂത്തിലെത്തി സമ്മതിദാനഅവകാശം വിനിയോഗിച്ചു. വോട്ടുചെയ്ത ശേഷം ഇരുവരും പോളിങ് ബൂത്തിന് മുന്നില്‍വെച്ച് സെല്‍ഫിയെടുത്ത ശേഷമാണ് മടങ്ങിയത്. ഇന്ത്യ സഖ്യത്തില്‍ ആം ആദ്മിയുമായി ചേര്‍ന്ന് മത്സരിക്കുന്ന കോണ്‍ഗ്രസിന് ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയില്ല. ആം ആദ്മി പാര്‍ട്ടിയുടെ സോംനാഥ് ഭാരതിയാണ് ഇവിടെ സഖ്യത്തിന്റെ സ്ഥാനാര്‍ഥി. സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജാണ് ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ഥി.

രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണെന്ന് രാജ്യസഭാ എം.പി. സ്വാതി മലിവാള്‍ പറഞ്ഞു. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഭുവനേശ്വറില്‍ വോട്ട് രേഖപ്പെടുത്തി. സ്വന്തം പോളിങ് ബൂത്തിലെ ആദ്യവോട്ടറായിരുന്നു കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍. പ്രിയങ്കാഗാന്ധിയുടേയും റോബര്‍ട്ട് വദ്രയുടേയും മക്കളായ റെയ്ഹാന്‍ വദ്രയും മിരായ വദ്രയും ഡല്‍ഹിയില്‍ വോട്ടുരേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *