ലോക സാമ്പത്തിക ഫോറത്തിന്റെ ട്രാവല്‍ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് 2024’ല്‍ മുന്നേറി ഇന്ത്യ; 54-ാം സ്ഥാനത്ത് നിന്നും 39ാം സ്ഥാനത്തേക്ക്

ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട ട്രാവല്‍ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് 2024’ല്‍ 39ാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. 2021ല്‍ 54-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. റിപ്പോർട്ട അനുസരിച്ച് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലും വരുമാനം കുറഞ്ഞതും ഇടത്തരമായതുമായ രാജ്യങ്ങള്‍ക്കിടയിലും ഇന്ത്യ മുന്നിലാണ്. സൂചികയിൽ അമേരിക്കയാണ് ഒന്നാസ്ഥാനത്ത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സര്‍റേ സര്‍വകലാശാലയുമായി സഹകരിച്ചാണ് ലോക സാമ്പത്തിക ഫോറം ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ചെലവ് കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 18–ാമതും മികച്ച വ്യോമ ഗതാഗതത്തില്‍ 26–ാമതും കരമാര്‍ഗവും തുറമുഖങ്ങള്‍ വഴിയുമുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ 25–ാം സ്ഥാനത്തുമാണ് ഇന്ത്യ.

പ്രകൃതിഭംഗിയിലും, സാംസ്‌ക്കാരിക വൈവിധ്യത്തിലും, ഒഴിവുസമയ വിനോദങ്ങളിലും, ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. പരമാവധി ഏഴു മാര്‍ക്കു വരെ നേടാവുന്ന സൂചികയില്‍ ഇന്ത്യയുടെ സ്‌കോര്‍ 4.25 ആണ്. ട്രാവല്‍ ആൻഡ് ടൂറിസം മേഖലയിലെ വികസനത്തിനു കാരണമാവുന്ന അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ നയങ്ങളും അടക്കമുള്ള നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് 119 രാജ്യങ്ങളുടെ ട്രാവല്‍ ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് പട്ടിക തയാറാക്കിയിരിക്കുന്നത്. വിനോദസഞ്ചാര വ്യവസായത്തില്‍ ഓരോ രാജ്യത്തിനും വളരാനുള്ള സൂചന കൂടിയാണ് ഈ സൂചിക നല്‍കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *