ഞാനാകെ ആശയക്കുഴപ്പത്തിലാണ്; അവസാന മത്സരത്തിന് മുമ്പ് സുനില്‍ ഛേത്രി

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കപ്പിത്താൻ സുനിൽ ഛേത്രി ഇക്കഴിഞ്ഞ മെയ് 16 നാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. ജൂൺ ആറിന് നടക്കുന്ന കുവൈറ്റിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഛേത്രി അവസാനമായി ബൂട്ടണിയുന്നത്. എന്നാൽ വിടവാങ്ങൽ മത്സരത്തിന് മുമ്പ് താനാകെ ആശയക്കുഴപ്പത്തിലാണെന്ന് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ആകെ ആശയക്കുഴപ്പത്തിലാണ്. ദേശീയ ടീമിനൊപ്പമുള്ള എന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഈ സമയത്ത് ഏത് വഴിയാണ് സ്വീകരിക്കേണ്ടത്. ടീമിനൊപ്പമുള്ള ഓരോ ദിവസവും ഓരോ പരിശീലന സെഷനും എനിക്ക് പ്രധാനപ്പെട്ടതാണ്. ഇതെങ്ങനെയാകും അവസാനിക്കുക എന്ന ചിന്തിക്കാതെ വെറുതെ ഒഴുക്കിനൊപ്പം പോകണോ എന്നാണിപ്പോഴത്തെ ചിന്ത. നിങ്ങള്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍ക്കു എന്നാണ് ചിലര്‍ പറയുന്നത്. ഓരോ ദിവസവും ഗ്രൗണ്ടിലിറങ്ങാന്‍ കഴിയുന്നു എന്നതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം.അതൊരിക്കലും ഞാന്‍ വെറുതെയാണെന്ന് കരുതാറില്ല. അതുകൊണ്ട് ഇനിയുള്ള എന്‍റെ ഓരോ ദിവസവും ഞാന്‍ കൃതജ്ഞതയോടെ ഓര്‍ത്തുവെക്കും. ഈ വികാരങ്ങളെയെല്ലാം ഒരു പെട്ടിയലടച്ച് കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞെങ്കിലെന്നാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു ഛേത്രിയുടെ കുറിപ്പ്.

ഇന്ത്യൻ കുപ്പായത്തില്‍ 150 മത്സരങ്ങള്‍ കളിച്ച 39കാരനായ ഛേത്രി 94 ഗോളുകള്‍ നേടി. സജീവ ഫുട്ബോളർമാരില്‍ രാജ്യത്തിനായുള്ള ഗോള്‍ നേട്ടത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്കും ലിയോണല്‍ മെസിക്കും പിന്നിൽ മൂന്നാമതാണ് ഇന്ത്യന്‍ നായകന്‍.

Leave a Reply

Your email address will not be published. Required fields are marked *