യാത്രക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ് ; മസ്കത്ത് – കേരളാ സെക്ടറിൽ വിവിധ സർവീസുകൾ റദ്ദാക്കി

കേരള സെക്ടറിൽ യാത്രക്കാർക്ക് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യ എക്സ്പ്രസ്. ജൂൺ ഏഴുവരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി ട്രാവൽസ് ഏജന്‍റുമാർക്ക് നൽകിയ സർക്കുലറിൽ പറയുന്നു. ജൂൺ രണ്ട്, നാല്, ആറ് തീയതികളിൽ കോഴിക്കോട് നിന്നു മസ്കത്തിലേക്കും മൂന്ന്, അഞ്ച്, ഏഴ് തീയതികളിൽ ഇവിടെ നിന്ന് കോഴിക്കോട്ടേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കി.

ജൂൺ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് എന്നീ തീയതികളിൽ കണ്ണൂരിൽ നിന്ന് മസ്കത്തിലേക്കും തിരിച്ച് കണ്ണൂരിലേക്കും ജൂൺ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് തീയതികളിൽ തിരുവനന്തപുരത്തുനിന്ന് മസ്ക്കത്തിലേക്കും ഇവിടെനിന്ന് തിരുവനന്തപുരത്തേക്കും ഉള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. മേയ് അവസാനംവരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ നേരത്തെ സർക്കുലറിൽ അറിയിച്ചിരുന്നു. മേയ് 29, 31 തീയതികളിൽ കോഴിക്കോട്-മസ്കത്ത്, മേയ് 30, ജൂൺ ഒന്ന് തീയതികളിൽ മസ്കത്ത്-കോഴിക്കോട്ടേക്കുള്ള വിമാനങ്ങൾ, മേയ് 30ന് തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും, 31ന് കണ്ണൂരിൽ നിന്ന് മസ്കത്തിലേക്കും ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഇതിന് പുറമെയാണ് ഇപ്പോൾ പുതിയ സർക്കുലർ ഇറക്കിയിരിക്കുന്നത്.

സ്കൂൾ വേനലവധിയും ബലിപെരുന്നാളുമൊക്കെ മുന്നിൽ കണ്ട് ടിക്കറ്റ് എടുത്ത സാധാരണക്കാരായ പ്രവാസികളാണ് എയർ ഇന്ത്യയുടെ പിടിപ്പുകേടുകൊണ്ട് ദുരിതത്തിലായിരിക്കുന്നത്. നാട്ടിലേക്ക് തിരിക്കാനായി നിരവധി കുടുംബങ്ങളാണ് ഈ ദിവസങ്ങളിൽ ബുക്ക് ചെയ്തിരുന്നത്. സർവിസുകൾ റദ്ദാക്കിയതോടെ പലരും ബദൽ മാർഗങ്ങൾ തേടി തുടങ്ങിയിട്ടുണ്ട്. മറ്റ് വിമാന കമ്പനികളുടെ ഉയർന്ന നിരക്കും ടിക്കറ്റ് കിട്ടാത്തതുമെല്ലാം പ്രവാസി കുടുംബങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ജീവനക്കാരുടെ സമരംമൂലം അവതാളത്തിലായ എയർ ഇന്ത്യയുടെ സർവിസ് ദിവസങ്ങൾ കഴിഞ്ഞിട്ടും നേരെ ആയിട്ടില്ല. പ്രവാസികളെ ദുരിതത്തിലാക്കി സർവിസ് നടത്തുന്ന എക്സ്പ്രസിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസ ലോകത്തുനിന്നും ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *