ഈ ഹൽവ എരിയും മോനേ…; കോഴിക്കോടിൻറെ സ്വന്തം ‘ഗ്രീൻ മിർച്ചി ഹൽവ’

എരിയുന്ന ഹൽവയോ.. ആളുകൾ തലയിൽ കൈവച്ചു! ഇങ്ങനെയും ഹൽവ തയാറാക്കാമോ..ബിരിയാണിയുടെ കോഴിക്കോടൻ പെരുമ ലോകമെമ്പാടും പാട്ടാണ്. കോഴിക്കോട്ട് എത്തിയാൽ ബിരിയാണി കഴിക്കാതെയും മധുരപലഹാരങ്ങളുടെ തെരുവായ മിഠായി സ്ട്രീറ്റ് സന്ദർശിക്കാതെയും മടങ്ങുന്നവർ വിരളം. കോഴിക്കോട്ടുനിന്ന് ഇടയ്ക്കിടെ പുത്തൻ വിഭവങ്ങൾ വൈറലാകാറുണ്ട്. കുലുക്കി സർബത്ത്, ഫുൾ ജാർ സോഡ അങ്ങനെ പോകുന്ന പട്ടികയിലെ ചില ന്യൂജെൻ വിഭവങ്ങൾ. എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ ഹൽവ ആരെയും ഞെട്ടിക്കുന്നതായിരുന്നു!

ഹൽവ എന്നു കേൾക്കുമ്പോൾതന്നെ അതിൻറെ മധുരം നാവിൽ നിറയും. എന്നാൽ, എരിവുള്ള ഹൽവ നമ്മളാരും കഴിച്ചിട്ടുണ്ടാകില്ല. ഹൽവകൾക്കിടയിൽ അൽപ്പം എരിവുള്ള കോഴിക്കോടിൻറെ സ്വന്തം വിഭവം ‘ഗ്രീൻ മിർച്ചി ഹൽവ’ ഹൽവപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റുകയാണ്. കോഴിക്കോട്ടുള്ള റസ്റ്റോറൻറിൽ ഹൽവ തയാറാക്കുന്നതിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധിപ്പേരാണ് ഹൽവ അന്വേഷിച്ച് കോഴിക്കോട്ട് എത്തുന്നത്.

പച്ചമുളകിലാണ് ഹൽവ തയാറാക്കുന്നത്. മുളക് ചെറുതായി അരിഞ്ഞശേഷം ചൂടാക്കിയ ചട്ടിയിലേക്കിടുന്നു. തുടർന്ന് അതിലേക്ക് പഞ്ചസാര, പാൽ, വെളിച്ചെണ്ണ, ഏലം തുങ്ങിയവ ചേർക്കുന്നു. വീഡിയോയിൽ കാണിക്കാത്ത ചേരുവകളും ഇതിലേക്കു ചേർക്കുന്നതായി മനസിലാക്കാം. വിവിധതരം സൂപ്പർ സ്റ്റാർ മധുരഹൽവയ്‌ക്കൊപ്പം എരിവുള്ള ന്യൂജെൻ സ്റ്റാർ ഹൽവയും ഭക്ഷണപ്രിയർ സ്വീകരിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *