‘ തനിക്ക് ലഭിച്ചത് 10 ലക്ഷം കൊടുത്താലും കിട്ടാത്ത പ്രശസ്തി’ ; എംവിഡിയേയും മാധ്യമങ്ങളെയും പരിഹസിച്ച് യൂട്യൂബർ സഞ്ജു ടെക്കി

ആവേശം സിനിമാ മോഡലിൽ കാറിനുള്ളിൽ സ്വിമ്മിങ്ങ് പൂള്‍ തയ്യാറാക്കി കുളിച്ച് യാത്ര ചെയ്തതിന് കേസെടുത്ത മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് യൂട്യൂബർ സഞ്ജു ടെക്കി. കേസെടുത്തതിന് ശേഷം തന്‍റെ യുട്യൂബ് ചാനലിന് ലോകം മുഴുവന് റീച്ച് കൂടിയെന്നും 10 ലക്ഷം രൂപ ചെലവിട്ടാല് പോലും കിട്ടാത്ത പ്രശസ്തി എല്ലാവരും ചേർന്ന് നേടിത്തന്നുവെന്നുമാണ് ഏറ്റവും ഒടുവിൽ പുറത്ത് വിട്ട യൂട്യൂബ് വീഡിയോയിലുളളത്.

‘വളരെ നന്ദിയുണ്ട്. ലോകത്ത് പല ഭാഗങ്ങളിൽ നിന്നും ആരാധകരുടെ സന്ദേശപ്രവാഹമാണ്. കുറ്റിപ്പുറത്തെ എംവിഡി വകുപ്പിന്‍റെ പരിശീലന ക്ലാസിനെയും സഞ്ജു പരിഹസിക്കുന്നുണ്ട്. ഒരുട്രിപ്പ് പോയിട്ട് ഏറെ കാലമായി. കുറ്റിപ്പുറത്തേക്കുള്ള യാത്ര കൂട്ടുകാരുമൊത്തുളള ഒരു ട്രിപ്പായി മാറ്റും’. ഈ യാത്രയും ക്ലാസും വെച്ച് താന്‍ പുതിയ കണ്ടന്‍റ് നല്കുമെന്നും സഞ്ജു പറയുന്നു. യുട്യൂബ് വീഡിയോ മോട്ടോർ വാഹനവകുപ്പ് വളരെ ഗൗരവത്തിലെടുത്തിട്ടുണ്ട്. സഞ്ജുവിനെതിരെ കൂടുതൽ ശക്തമായ നടപടിക്കാണ് സാധ്യത.

യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സ് ഉള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിങ്ങ് പൂളൊരുക്കിയത്.കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക്ക് ടർപോളിൻ കൊണ്ട് സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു.ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻറ് വിഭാഗം കാർ കസ്റ്റഡിയിലെടുത്തു. സഞ്ജു ഉള്‍പ്പെടെ എല്ലാവരേയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഡ്രൈവറുടെ ലൈസൻസ് ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തു.വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *