ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സമരം ഇന്നു മുതൽ; ട്രെയിൻ ഗതാഗതം നിർത്തില്ലെന്ന് അസോസിയേഷൻ

വിവിധ ആവശ്യങ്ങളുന്നയിച്ച് ദക്ഷിണ റെയിൽവേക്കു കീഴിലുള്ള ലോക്കോ പൈലറ്റുമാർ ഇന്ന് അനിശ്ചിതകാല സമരം ആരംഭിക്കും. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷനാണ് ചട്ടപ്പടി സമരത്തിനു നേതൃത്വം നൽകുന്നത്. ട്രെയിൻ ഗതാഗതം നിർത്തിയുള്ള സമരമല്ലെന്ന് അസോസിയേഷൻ അധികൃതർ പറഞ്ഞു.

ദക്ഷിണ റെയിൽവേയിലെ പാലക്കാട്, തിരുവനന്തപുരം, സേലം, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലെ രണ്ടായിരത്തോളം ലോക്കോ പൈലറ്റുമാരാണ് ഇന്നു മുതൽ പ്രത്യക്ഷ സമരത്തിലേക്കു കടക്കുന്നത്. മൊത്തം നാലായിരത്തോളം ലോക്കോ പൈലറ്റുമാരാണ് ഈ 6 ഡിവിഷനുകളിൽ ജോലി ചെയ്യുന്നത്. ഒറ്റയടിക്ക് 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്നും തുടർച്ചയായി 2 രാത്രികളിൽ കൂടുതൽ ട്രെയിൻ ഓടിക്കില്ലെന്നുമാണ് തീരുമാനം.

48 മണിക്കൂറിനകം ആസ്ഥാനത്തേക്ക് മടങ്ങിയെത്താൻ കഴിയണം. ആഴ്ചയിൽ 30 മണിക്കൂർ വിശ്രമം ലഭിക്കണം. ഓരോ വർഷവും പുതിയ ട്രെയിനുകൾ വരുന്നുണ്ടെങ്കിലും 2018 നു ശേഷം പുതിയ ലോക്കോ പൈലറ്റുമാരുടെ നിയമനം നടന്നിട്ടില്ല.

അർഹതപ്പെട്ട സമയം വിശ്രമിച്ചശേഷം മാത്രമേ ട്രെയിൻ ഓടിക്കുവെന്ന് വ്യക്തമാക്കി ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ മേയ് 15ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്ങിനു സമരപ്രഖ്യാപന നോട്ടിസ് നൽകിയിരുന്നു. എന്നാൽ, അദ്ദേഹം അസോസിയേഷൻ ഭാരവാഹികളുമായി ചർച്ചയ്ക്കു തയാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *