സുരേഷ് ഗോപിയുടെ ലീഡ് 70000 കടന്നു; മധുരം നൽകി ഭാര്യ രാധിക

തൃശൂരിൽ വിജയമുറപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വീട്ടിൽ ആഘോഷം. വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നൽകി ആഹ്ലാദം പങ്കിട്ടു. തുടർന്ന് വീട്ടിലെത്തിയവർക്കെല്ലാം മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. സന്തോഷം പങ്കിടുന്നതിനായി വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപി പിന്നീട് പ്രതികരിക്കാമെന്നാണ് പറഞ്ഞത്.

തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നുമാണ് വ്യക്തമാക്കിയത്. ഭാര്യ രാധികയും മക്കളും ചേർന്ന് പായസം നൽകിയാണ് ആഘോഷം പങ്കിട്ടത്.

സുരേഷ് ഗോപിക്ക് എതിരായ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് തൃശൂരിലെ വൻ വിജയമെന്ന് ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി പ്രതികരിച്ചു. സുരേഷ് ഗോപിക്ക് നാളെ തൃശൂരിൽ വലിയ സ്വീകരണം ഒരുക്കുമെന്ന് ജില്ലാ പ്രസിഡൻറ് കെകെ അനീഷ് കുമാർ പറഞ്ഞു.

കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറും ഭാര്യയും സുരേഷ് ഗോപിയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. കൊല്ലത്തെക്കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും കേരളത്തിൽ താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോൾ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷ് ഗോപി മാറിയെന്നും കൃഷ്ണകുമാർ പറഞ്ഞു. സുരേഷ് ഗോപിയുടെ ലീഡ് 70000 കടന്നു ഉച്ചവരെയുള്ള വോട്ടെണ്ണലിൽ 73573 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *