വീണ്ടും അടൂർ പ്രകാശ്; ആറ്റിങ്ങലിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് വി ജോയി

ആറ്റിങ്ങലിൽ രണ്ടാം വട്ടവും വിജയമുറപ്പിച്ച് അടൂർ പ്രകാശ്. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്. മൂന്ന് ലക്ഷത്തിലധികം വോട്ട് നേടി കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ വി മുരളീധരൻ മൂന്നാമതെത്തി.സ്വതന്ത്രരായി മത്സരിച്ച പിഎൽ പ്രകാശ് 1673 വോട്ടും എസ് പ്രകാശ് 703 വോട്ടും നേടി. പതിനായിരത്തോളം വോട്ടാണ് നോട്ടയ്ക്ക് വീണത്.

അതേസമയം, മണ്ഡലത്തിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടുകൊണ്ട് വി ജോയി രംഗത്തെത്തിയിട്ടുണ്ട്. 2019ൽ സിപിഎമ്മിന്റെ എ സമ്പത്തിനെ വീഴ്ത്തിയാണ് യുഡിഎഫ് കോട്ട അടൂർ പ്രകാശ് പിടിച്ചെടുത്തത്. ആറ്റിങ്ങൽ പിടിച്ചെടുക്കാമെന്ന സിപിഎമ്മിന്റെ വിശ്വാസം തകർത്താണ് ഇത്തവണ അടൂർ പ്രകാശ് വിജയിച്ചത്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം.

Leave a Reply

Your email address will not be published. Required fields are marked *