വാരാണസിയിൽ മോദിയുടെ ഭൂരിപക്ഷത്തിൽ വൻഇടിവ്; അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി സ്ഥാനാർഥിക്കു തോൽവി

വാരാണസിയിലെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂരിപക്ഷത്തിൽ വൻഇടിവ്. 2019ൽ 4,79,505 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നപ്പോൾ ഇത്തവണയത് 1,52,513 വോട്ടുകളായി കുറഞ്ഞു. ഭൂരിപക്ഷത്തിൽ ഉണ്ടായത് 3,26,992 വോട്ടുകളുടെ വ്യത്യാസം.

2019ൽ മോദി 674,664 വോട്ടുകൾ നേടിയപ്പോൾ ഈ തിരഞ്ഞെടുപ്പിലത് 612,970 വോട്ടായി കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് ഉത്തർപ്രദേശ് ഘടകം അദ്ധ്യക്ഷൻ അജയ് റായിയേക്കാൾ 14000ൽപ്പരം വോട്ടുകൾക്ക് മോദി പിന്നിലായി. വാരാണസിയിൽ കഴിഞ്ഞതവണ 152,548 വോട്ടുകൾ മാത്രം പിടിച്ച റായ് ഇത്തവണ ‘ഇന്ത്യ’ സഖ്യമായി മത്സരിച്ചപ്പോൾ 460,457 വോട്ടുകൾ നേടി. വ്യത്യാസം 307,909.

വൻഭൂരിപക്ഷം ലക്ഷ്യമിട്ടാണ് മോദി മൂന്നാമതും ഇറങ്ങിയതെങ്കിലും ഉത്തർപ്രദേശിലുണ്ടായ ബി.ജെ.പി വിരുദ്ധ തരംഗം വാരാണസിയിലും പ്രതിഫലിച്ചു. അതേസമയം ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 3,90,000ൽപ്പരം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർത്ഥി ദിനേശ് പ്രതാപ് സിംഗിനെ തറപറ്റിച്ചത്.

അതേസമയം രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ലല്ലു സിങ്ങ് 54,000ത്തിലേറെ വോട്ടുകൾക്കു തോറ്റുപോയി. രണ്ടു തവണയായി ഫൈസാബാദിനെ പ്രതിനിധാനം ചെയ്യുന്ന ലല്ലു സിങ്ങിനെതിരെ മണ്ഡലത്തിലെ തങ്ങളുടെ ഏക എംഎൽഎ അവാദേഷ് പ്രസാദിനെയാണു സമാജ്വാദി പാർട്ടി കളത്തിലിറക്കിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽതന്നെ ലീഡ് നിലനിർത്തി അവാദേഷ്. ഒരിക്കൽപ്പോലും ലല്ലു സിങ് മുന്നിലെത്തിയില്ലെന്നതും ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *