അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ.. ബിജെപി 400 സീറ്റ് നേടിയില്ല; ടിവി അടിച്ചുപൊട്ടിച്ച് നേതാവ്

രാഷ്ട്രീയത്തിൽ ജയവും തോൽവിയും സാധാരണമാണ്. ബെറ്റ് വയ്ക്കുന്നതും കാശു പോകുന്നതും തല മൊട്ടയടിക്കുന്നതും ഫലപ്രഖ്യാപനത്തിനുശേഷം നാട്ടിൽ നടന്നുവരുന്ന പതിവുകാഴ്ചകളാണ്. എന്നാൽ, ഉത്തർപ്രദേശിലെ ആഗ്രയിൽ നടന്ന സംഭവം-അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്-എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്നതായി.

സംഭവം എന്താണെന്നല്ലേ. സ്വന്തം പാർട്ടിയായ ബിജെപിക്ക് 400 സീറ്റ് നേടാൻ കഴിയാത്തതിൻറെ വിഷമത്തിലും കടുത്ത അമർഷത്തിലും ടെലിവിഷൻ ചവിട്ടിപ്പൊട്ടിച്ചു പരാക്രമം കാണിച്ച നേതാവിനെ വളരെ കഷ്ടപ്പെട്ട് അണികൾ ശാന്തനാക്കുകയായിരുന്നു. രാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രസിഡൻറ് ഗോവിന്ദ് പരാശർ ആണ് ടെലിവിഷൻ നിലത്തെറിയുകയും ചവിട്ടിപൊട്ടിക്കുകയും ചെയ്തത്.

പാർട്ടിയുടെ ആഗ്ര ഓഫീസിലെ ടിവിയാണ് നേതാവ് തല്ലിപ്പൊളിച്ചത്. തെരഞ്ഞെടുപ്പ് ഫലം കാണുന്നതിനിടെയാണു സംഭവം. ടിവി തല്ലിപ്പൊട്ടിക്കുന്ന സമയത്ത് എൻഡിഎ 400 കടക്കില്ലെന്നു തീർച്ചയായിരുന്നു. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി ഇന്ത്യ മുന്നണിയുടെ കുതിപ്പും പരാശറിനെ കോപാകുലനാക്കി. യുപിയിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയും പരാശറിനെ അസ്വസ്ഥനാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *