തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളി; കെസി വേണുഗോപാൽ കെ സുധാകരനോട് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടു

തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയ്ക്ക് പിന്നാലെ തൃശ്ശൂരിലെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിർന്ന നേതാവിന് നൽകാൻ സാധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഡൽഹിയിലുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ തമ്മിൽ തല്ലിയ കെ മുരളീധരൻ പക്ഷക്കാരുമായും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ പക്ഷക്കാരുമായും പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ച ഇന്ന് നടക്കും. കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നാലെയാണ് കെപിസിസി, എഐസിസി നേതൃത്വങ്ങൾ ഇടപെട്ടത്. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *